ഓർത്തഡോക്സ് സഭയ്ക്ക് 714 കോടിയുടെ ബജറ്റ്

ഓർത്തഡോക്സ് സഭയ്ക്ക് 714 കോടിയുടെ ബജറ്റ്

സ്വന്തം ലേഖകൻ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി യോഗം 2019-20 വര്‍ഷത്തേയ്ക്ക് വിവിധ ഷെഡ്യൂളുകളിലായി 714 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്.

സഭയുടെ വികസനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഭിന്നലിംഗക്കാരെ പോലെ സമൂഹത്തിലെ തിരസ്‌കരിക്കപ്പെട്ടവരുടെ സംരക്ഷണം, സ്ത്രീശാക്തീകരണം, പ്രകൃതിക്ഷോഭത്താല്‍ വലയുന്നവരുടെ സുരക്ഷ മുതലായ പദ്ധതികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പദ്ധതികളുടെ നടത്തിപ്പിനുളള പ്രധാന വരുമാന സ്രോതസ്സ് കാതോലിക്കാ ദിന പിരിവിലൂടെ ലഭിക്കുന്ന സംഭാവനയാണ്. 1958 ലെ സഭാ സമാധാനത്തിന്റെ മുഖ്യശില്പിയും ഭാഗ്യസ്മരണാര്‍ഹനുമായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ഈ വര്‍ഷം സഭാതലത്തിലും ഭദ്രാസന തലത്തിലും യഥോചിതം ആഘോഷിക്കുവാന്‍ തീരുമാനിച്ചു. അതിന് 50 ലക്ഷം രൂപ വകയിരുത്തി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി 30 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ്-കരള്‍മാറ്റിവെയ്ക്കല്‍-കാന്‍സര്‍ സഹായ പദ്ധതിയായ ‘സഹായഹസ്തം’ പദ്ധതിക്ക് 35 ലക്ഷം രൂപ വകകൊളളിച്ചു. നടപ്പുവര്‍ഷം പ്രളയദുരിതാശ്വാസത്തിനായി പതിനൊന്നര കോടി രൂപ സഭ പ്രതേ്യകമായി സമാഹരിച്ചു കഴിഞ്ഞു. അതില്‍ 9 കോടി രൂപയും പ്രളയദുരിതാശ്വാസ ബാധിതര്‍ക്ക് വിതരണം ചെയ്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യൂഹാനോന്‍ മാര്‍ മിലീത്തോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, സഖറിയാ മാര്‍ അന്തോണിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സംബന്ധിച്ചു. സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയായിരുന്ന തോമസ് മാര്‍ അത്താനാസിയോസ്, മുന്‍ സഭാ സെക്രട്ടറി എം.റ്റി പോള്‍, മുന്‍ പി.ആര്‍.ഒ പി.സി ഏലിയാസ് എന്നിവരുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച യോഗം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘കാസാ’-യുടെ പ്രസിഡന്റായി നിയമിതനായ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ് തിരുമേനിക്ക് ആശംസകള്‍ അര്‍പ്പിച്ചു. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ ബഥേല്‍ സൂലോക്കോ പളളി, ചാത്തമറ്റം ശാലേം പളളി, തൃശ്ശൂര്‍ ഭദ്രാസനത്തിലെ മന്ദമംഗലം സെന്റ് മേരീസ് പളളി എന്നിവിടങ്ങളില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും പാത്രിയര്‍ക്കീസ് വിഭാഗത്തിന് അനുകൂലമായി നടപടികള്‍ സ്വീകരിക്കുന്ന അധികാരികളുടെ നടപടിയെ യോഗം ശക്തമായി അപലപിച്ചു. കേരള ചര്‍ച്ച് ബില്‍ ഭാരതത്തിന്റെ ഭരണഘടന ഉറപ്പ് നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ മേല്‍ കൈകടത്താനുളള സര്‍ക്കാര്‍ ശ്രമമാണെന്നും യോഗം വിലയിരുത്തി. 1934 ലെ ഭരണഘടന സുതാര്യമായ ഭരണം ഉറപ്പാക്കുന്ന രേഖയാണ്. അതിനുമുകളില്‍ ഒരു ചര്‍ച്ച് ബില്ലിന്റെ ആവശ്യമില്ലെന്നും, അതിനെ സഭ എതിര്‍ക്കുമെന്നും യോഗം തീരുമാനിച്ചു. മാറ്റിവച്ച പരീക്ഷകള്‍ ഞായറാഴ്ച്ചകളില്‍ നടത്തുവാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അത് വിദ്യാര്‍ത്ഥികള്‍ക്കും,അദ്ധ്യാപകര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. അഭി. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്താ ധ്യാനം നയിച്ചു.