സ്‌കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനും പ്രഥമാധ്യാപികക്കും സ്ഥലം മാറ്റം; സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഇവർക്ക് വീഴ്ച്ച പറ്റിയതായി കണ്ടെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാസർഗോഡ് അംഗാടി മുഗർ ഗവൺമെന്റ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ സ്‌കൂൾ വിട്ടുപോകുന്ന വേളയിൽ അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞു വീണ് മരണപ്പെട്ട സംഭവത്തിൽ സ്‌കൂളിലെ പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലം മാറ്റി.
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ സ്‌കൂൾ പ്രിൻസിപ്പലിന്റെയും പ്രഥമാധ്യാപികയുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഇറക്കിയ സർക്കുലർ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.
പ്രിൻസിപ്പലിന്റെ പൂർണ്ണ അധിക ചുമതല വഹിക്കുന്ന മഞ്ജു വി ഇ, പ്രഥമാധ്യാപികയായ ഷീബ ബി എന്നിവരെയാണ് സ്ഥലം മാറ്റിയത്. മഞ്ജു വി ഇയെ വയനാട് അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും ഷീബ ബിയെ ജിഎച്ച്എസ്എസ് ബന്തഡുക്കയിലേക്കും ആണ് സ്ഥലം മാറ്റിയിരിക്കുന്നത്.