play-sharp-fill
പൊലീസ് നോക്കിനിൽക്കെ  സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് സമരാനുകൂലികൾ; തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയച്ചു;തിരുവനന്തപുരത്ത് ഇടപെട്ട് മജിസ്ട്രേറ്റ്

പൊലീസ് നോക്കിനിൽക്കെ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് സമരാനുകൂലികൾ; തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയച്ചു;തിരുവനന്തപുരത്ത് ഇടപെട്ട് മജിസ്ട്രേറ്റ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കിൽ വലഞ്ഞ് കേരളം. സംസ്ഥാനത്തിന്റെ പലയിടത്തും പണിമുടക്ക് അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോട്ടും മലപ്പുറത്തും എറണാകുളത്തും സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ് തിരിച്ചയച്ചു. മലപ്പുറത്ത് എടവണ്ണപ്പാറയിൽ കട അടപ്പിച്ചു.


പൊലീസ് നോക്കി നിൽക്കെയാണ് തിരുവനന്തപുരത്ത് പ്രാവച്ചമ്പലത്തും കാട്ടാക്കടയിലും പേട്ടയിലും സമരാനുകൂലികൾ റോഡിലിറങ്ങി സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞത്. പേട്ടയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞ് തിരിച്ച് വിട്ട നടപടിയെ തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് ഇടപെട്ടു.തിരുവനന്തപുരം ജില്ലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സിഐയെ വിളിച്ച് വിശദീകരണം തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിലേക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം സമരാനുകൂലികൾ തടഞ്ഞതോടെ വാഹനം പൊലീസ് വഴിതിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ട് വിളിപ്പിച്ച മജിസ്ട്രേറ്റ് വിശദീകരണം തേടിയിട്ടുണ്ട്.

പ്രാവച്ചമ്പലത്ത് സ്വന്തം വാഹനത്തിലെത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സമരമാനുകൂലികൾ തടഞ്ഞ് തിരിച്ചയച്ചു. ഇത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ തിരിച്ചയച്ചു. കാട്ടാക്കടയിലും വാഹനങ്ങൾ സമരക്കാര്‍ തടഞ്ഞു. ഇതോടെ പ്രദേശത്ത് സമരാനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇവിടെ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.