കേരളത്തില്‍ ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് 1991ൽ; 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെ; കേരളത്തിൽ ഇതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 26 പേരെ; ഗ്രീഷ്മ ഉള്‍പ്പടെ കേരളത്തിൽ വധശിക്ഷയില്‍ ഇളവ് കാത്ത് കഴിയുന്നത് 40 പേർ; ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തുക്കുകയര്‍ വിധിച്ചതോടെ കേരളത്തിൽ വീണ്ടും വധശിക്ഷ ചര്‍ച്ചകള്‍ സജീവം
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തുക്കുകയര്‍ വിധിച്ചതോടെ കേരളത്തില്‍ വീണ്ടും വധശിക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥയിൽ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് മാത്രമേ തൂക്കുകയര്‍ വിധിക്കാറുള്ളൂ.
കേരളത്തില്‍ ഏറ്റവും ഒടുവില്‍ വധശിക്ഷ നടപ്പാക്കിയത് 1991ലാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പര്‍ ചന്ദ്രനെയാണ് 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് തൂക്കിലേറ്റിയത്. കേരളത്തിൽ ഇതുവരെ 26 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. എല്ലാവരുടെയും വധശിക്ഷ നടപ്പാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചാണ്.
പൂജപ്പുര സെൻട്രല്‍ ജയിലിലും പ്രതികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാരിന്‍റെ പക്കലില്ല. ഗ്രീഷ്മ ഉള്‍പ്പടെ കേരളത്തിൽ 40 പേരാണ് വധശിക്ഷയില്‍ ഇളവ് കാത്ത് കഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 1960 -1963 കാലഘട്ടങ്ങളില്‍ അഞ്ച് പേരെയും, 1967-1972 കാലഘട്ടങ്ങളില്‍ മൂന്ന് പേരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. കേരളം രൂപീകരിച്ചതിന് ശേഷം ആദ്യ വധശിക്ഷ നടപ്പാക്കുന്നത് 1958ലാണ്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെ അപ്പീൽ ലഭിച്ചാൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മാനസിക നില പരിശോധിക്കും.
പ്രതിയുടെ കുടുംബ, സാമൂഹിക പശ്ചാത്തലം, ജയിലിലെ പെരുമാറ്റം, ജയില്‍വാസം സ്വഭാവത്തുണ്ടാക്കിയ മാറ്റം തുടങ്ങിയവയെല്ലാം സൂക്ഷ്മമായി പരിശോധിക്കും. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനമെടുക്കുന്നത്. ഹൈക്കോടതി വധശിക്ഷശരിവച്ചാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാം.
സുപ്രീം കോടതി അപ്പീല്‍ തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹർജി നല്‍കാം. വധശിക്ഷയുടെ മാനദണ്ഡം കര്‍ശനമാക്കണമെന്ന നിര്‍ദേശം സുപ്രീംകോടതി നൽകിയിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ സ്വഭാവവും ക്രൂരതയും നോക്കി, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ് വധശിക്ഷ നല്‍കാറുള്ളത്.
സൂര്യനുദിക്കുന്നതിനു മുന്‍പാണ് വധശിക്ഷ നടപ്പിലാക്കുക. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ, ഒറ്റയ്ക്കൊരു സെല്ലിലാണ് പാര്‍പ്പിക്കുക. പ്രതി മാനസികമായി മരണത്തിന് തയ്യാറെടുക്കേണ്ടതുണ്ട്. ആവശ്യമെങ്കില്‍ പ്രതിക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനവും ലഭ്യമാക്കണമെന്നാണ് ചട്ടം.