നാലു വർഷത്തിനിടെ നാലാം ചെയർമാൻ: ചെയർമാൻ സ്ഥാനത്ത് റെക്കോർഡിട്ട് ഏറ്റുമാനൂർ നഗരസഭ: പുതിയ ചെയർമാൻ കേരള കോൺഗ്രസിലെ ജോർജ് പുല്ലാട്ട്

നാലു വർഷത്തിനിടെ നാലാം ചെയർമാൻ: ചെയർമാൻ സ്ഥാനത്ത് റെക്കോർഡിട്ട് ഏറ്റുമാനൂർ നഗരസഭ: പുതിയ ചെയർമാൻ കേരള കോൺഗ്രസിലെ ജോർജ് പുല്ലാട്ട്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: നഗരസഭ രൂപീകരിച്ച് നാലാം വർഷത്തിനിടെ നാലും ചെയർമാന്മാരെ സ്ഥാനത്തെത്തിച്ച ഏറ്റുമാനൂർ നഗരസഭയ്ക്ക് റെക്കോർഡ്. ഏറ്റവും ഒടുവിൽ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിലെ ജോർജ് പുല്ലാട്ടാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജോർജ് പുല്ലാട്ട് 17 വോട്ട് നേടിയപ്പോൾ, എതിർ സ്ഥനാർ്ത്ഥിയായി മത്സരിച്ച സിപിഎമ്മിലെ ബോബൻ ദേവസ്യയ്ക്ക് പത്ത് വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ആർ.ഗണേഷിന് അഞ്ചു വോട്ടാണ് ലഭിച്ചത്. രണ്ട് സ്വതന്ത്ര അംഗവും ഒരു സിപിഎം അംഗവും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
യുഡിഎഫുമായുള്ള മുൻധാരണപ്രകാരം ചെയർമാനായിരുന്ന ജോയ് ഊന്നുകല്ലേൽ രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
പുതിയ നഗരസഭയിൽ ആദ്യചെയർമാനായി കോൺഗ്രസിലെ ജയിംസ് തോമസ് രണ്ട് വർഷം പിന്നിട്ടശേഷം ആറ് മാസം വീതം ചെയർമാന്റെ കസേര പങ്കിട്ടത് രണ്ട് സ്വതന്ത്രൻമാരായിരുന്നു. യുഡിഎഫ് പിന്തുണയോടെയായിരുന്നു സ്വതന്ത്രന്മാരായ ജോയി മന്നാമലയും ജോയി ഊന്നുകല്ലേലും ആറ് മാസം വീതം ഭരിച്ചത്. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ രണ്ട് സ്ഥിരം സമിതികളുടെ ഭരണം സിപിഎമ്മിനാണ്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സിപിഎം അംഗം പി.എസ്.വിനോദും ആരോഗ്യകാര്യസ്ഥിരം സമിതിയിൽ സിപിഎം അംഗം ടി.പി.മോഹൻദാസുമാണ് അദ്ധ്യക്ഷന്മാർ. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷൻ ബിജെപിയിലെ ആർ.ഗണേഷുമാണ്.
മുപ്പത്തഞ്ചംഗ ഭരണസമിതിയിൽ കോൺഗ്രസ് – 9 , കേരളാ കോൺഗ്രസ് – 5, ബിജെപി -5, സ്വതന്ത്രർ – 4, സിപിഎം – 11, സിപിഐ – 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയിൽ ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസും കേരളാ കോൺഗ്രസും സ്വതന്ത്രരും ചേർന്ന് സഖ്യമുണ്ടാക്കുകയായിരുന്നു. ആദ്യചെയർമാൻ ജയിംസ് തോമസ് രാജിവെച്ചപ്പോൾ ഒരു മാസത്തോളം വൈസ് ചെയർപേഴ്സണായിരുന്ന കേരളാ കോൺഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചുമതല. മുൻധാരണപ്രകാരം റോസമ്മ പിന്നീട് രാജിവെച്ചപ്പോൾ കോൺഗ്രസിലെ ജയശ്രീ ഗോപിക്കുട്ടൻ വൈസ് ചെയർപേഴ്സണായി.
സിപിഎമ്മിലെ കെ.ആർ മോഹൻദാസും, എൻ.വി ബിനീഷും, ബീന ഷാജിയുമാണ് വോട്ടെടുപ്പിൽ പങ്കെടുതിരുന്നത്.