കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് സ്വകാര്യബസ് ജീവനക്കാർ; ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് 32,000 പേർക്ക്; പത്തുവർഷത്തിനിടെ ഓട്ടം നിർത്തിയത് 25,500 സ്വകാര്യബസുകൾ; കോവിഡ് കാല നികുതി സർക്കാർ ഒഴിവാക്കുമെന്ന പ്രതീക്ഷയിൽ ബസുടമകൾ

കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് സ്വകാര്യബസ് ജീവനക്കാർ; ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് 32,000 പേർക്ക്; പത്തുവർഷത്തിനിടെ ഓട്ടം നിർത്തിയത് 25,500 സ്വകാര്യബസുകൾ; കോവിഡ് കാല നികുതി സർക്കാർ ഒഴിവാക്കുമെന്ന പ്രതീക്ഷയിൽ ബസുടമകൾ

സ്വന്തം ലേഖകൻ

കാളികാവ്: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് സ്വകാര്യബസ് ജീവനക്കാർ. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചപ്പോൾ സംസ്ഥാനത്ത് തൊഴിൽ നഷ്ടപ്പെട്ടത് 32,000 പേർക്ക്. കിട്ടിയിരുന്ന തുച്ഛമായ ശമ്പളം കൊണ്ട് കുടുംബം മുന്നോട്ട് കൊണ്ടു പൊയ്ക്കൊണ്ടിരുന്നവർക്ക് തൊഴിൽ നഷ്ടമായതോടെ ജീവിതം ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.

ബസ് ഉടമകളുടെ അവസ്ഥയും മറിച്ചല്ല.സർവീസുകൾ കുറഞ്ഞതോടെ വായ്പയെടുത്തും മറ്റും ബസ് വാങ്ങിയ ഉടമകൾ നിലനിൽപ്പിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡീസൽ വിലവർധനയും കോവിഡുമാണ് സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്. കോവിഡിനുശേഷം 4100 സ്വകാര്യബസുകൾ സർവീസ് നിർത്തി. ജീവനക്കാരെ കുറച്ചാണ് ബസുകൾ സർവീസ് നടത്തുന്നത്.

നാലു ജീവനക്കാരുണ്ടായിരുന്നത് രണ്ടും മൂന്നുമാക്കിയാണ് ഓട്ടം. ഓട്ടംനിർത്തിയ 4100 ബസുകളിൽ മാത്രം 16,000-ത്തിലേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് സർവീസ് നടത്തുന്ന ബസുകളിലെ കണക്കെടുത്താൽ 16,000 പേർക്ക് ജോലിനഷ്ടപ്പെട്ടതായും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു.

ശരാശരി ഒരു ബസിന് ദിവസം 100 ലിറ്റർ ഡീസൽ വേണം. വില വർധനയെത്തുടർന്ന് ഡീസലിനു മാത്രം 2000 രൂപയിലേറെ അധികം വേണ്ടിവരുന്നുണ്ട്. വാഹന ഇൻഷുറൻസും നീക്കിവെച്ചാൽ ഉടമയ്ക്ക് ഒരു രൂപ പോലും കിട്ടാത്ത അവസ്ഥയാണ്.

സ്വകാര്യബസുകളിൽ തൊഴിലാളികൾ കമ്മിഷൻ വ്യവസ്ഥയിലാണ് ജോലിചെയ്യുന്നത്. 100 രൂപ ലഭിച്ചാൽ ഡ്രൈവർക്ക് എട്ടും മറ്റു രണ്ടുപേർക്ക് ഏഴും രൂപ വീതവുമാണ് ലഭിക്കുക. വരുമാനംകുറഞ്ഞ ബസുകൾ ബത്ത ഒഴിവാക്കി ജീവനക്കാർക്ക് ദിവസക്കൂലിയുമാക്കിയിട്ടുണ്ട്.

വർഷം- സർവീസ് നടത്തുന്ന ബസുകൾ

2010: 34000

2019: 12600

2020: 12500

2021: 8500

സർവീസ് നടത്താതിരുന്ന കോവിഡ് കാലത്തെ നികുതി സർക്കാർ ഒഴിവാക്കിത്തരുമെന്നാണ് പ്രതീക്ഷ. ബസ് ചാർജ് വർധന കൂടി നടപ്പാക്കുന്നതോടെ ഓട്ടം നിർത്തിയ പല ബസുകളും പുനരാരംഭിക്കാനുള്ള സാധ്യതയുമുണ്ട്. 2012-ൽ പുതുക്കിയ വിദ്യാർഥി യാത്രാനിരക്ക് പുതുക്കിയാൽ മാത്രമേ സ്വകാര്യ ബസ് വ്യവസായം രക്ഷപ്പെടൂ.