play-sharp-fill
രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് അപകടകരം: എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്

രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് അപകടകരം: എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വംശീയവും വര്‍ഗീയവുമായ പ്രസ്താവനകള്‍ നടത്തി സാമൂഹിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് കേരളത്തിന് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തെ വര്‍ഗീയ വിഭജനത്തിനു ശ്രമിക്കുന്ന ആര്‍എസ്എസ്സിന്റെ അതേ പാതയിലാണ് സിപിഎമ്മും മുന്നോട്ട് പോകുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ എങ്ങിനെയെങ്കിലും പെട്ടിയിലാക്കാനുള്ള തീവ്രശ്രമമാണ് പിണറായി പയറ്റുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ് ലിം വിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമായ പി ജയരാജന്റെ പുസ്തക പ്രകാശനത്തിന് തിരഞ്ഞെടുത്ത സമയവും അവിടെ മുഖ്യമന്ത്രി നടത്തിയ മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങളും അവരുടെ ദുഷ്ടലാക്ക് ബോധ്യപ്പെടുത്തുന്നു.

മലപ്പുറം ജില്ലയ്‌ക്കെതിരായ പരാമര്‍ശത്തിനു ശേഷം മുസ് ലിം ലോകത്തെയും സംസ്‌കാരത്തെയും മോശക്കാരാക്കുന്നതിനാണ് ഖലീഫമാരെ പോലും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. സ്വതന്ത്ര ഇന്ത്യ നീതിമാനായ ഖലീഫ ഉമറിന്റെ ഭരണമാണ് ആഗ്രഹിക്കുന്നതെന്ന രാഷ്ട്ര പിതാവ് മഹാത്മജിയുടെ വാക്കുകള്‍ സ്മരണീയമാണ്.

20 വര്‍ഷം കൊണ്ട് കേരളം മുസ് ലിം രാഷ്ട്രമാകുമെന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ പ്രസ്താവന രാജ്യവ്യാപകമായി സംഘപരിവാരത്തിന് വെള്ളവും വളവും നല്‍കി. അതിന്റെ ചുവടുപിടിച്ചാണ് സംഘപരിവാരം കേരളാ സ്റ്റോറി തയ്യാറാക്കിയതും. അതിനെയും കടത്തി വെട്ടിയിരിക്കുകയാണ് പിണറായിയുടെ ഡെല്‍ഹി സ്റ്റോറി.

സമീപകാലത്ത് പിണറായി വിജയന്‍ നടത്തിയിട്ടുള്ള പ്രസ്താവനകളെല്ലാം മുസ്ലിം വിരുദ്ധവും വംശീയ ദുഷ്ടലാക്കിന്റേതുമാണ്.

പാലക്കാടും ചേലക്കരയിലും ആര്‍എസ്എസ്സിന്റെ വായ്ത്താരികള്‍ ഏറ്റുപിടിച്ച് ബിജെപിയെ വെല്ലുന്ന വര്‍ഗീയകാര്‍ഡ് കളിക്കുകയാണ് മുഖ്യമന്ത്രി. മുസ് ലിംകളെല്ലാം ഭീകരവാദികളല്ല, എന്നാല്‍ ഭീകരവാദികളെല്ലാം മുസ് ലികളാണ് എന്ന ആര്‍എസ്എസ് പല്ലവി പിണറായി പറയാതെ പറയുകയാണ്. മുസ് ലിം സംഘടനകളെല്ലാം ഭീകര പ്രസ്ഥാനങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വായ്ത്താരി ഇതിന്റെ ഭാഗമാണ്. സിപിഎമ്മും പിണറായിയും സൃഷ്ടിച്ച ധ്രുവീകരണ രാഷ്ട്രീയമാണ് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കിയത്. തിരഞ്ഞെടുപ്പ് വേളയിലെങ്കിലും ബിജെപിക്ക് ഗുണകരമാകുന്ന വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തില്‍ നിന്ന് സിപിഎമ്മും മുഖ്യമന്ത്രിയും വിട്ടുനിന്ന് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് അവസരമൊരുക്കണം.

ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ തൃശൂര്‍ പൂരം കലക്കിയെന്ന വിവരം വ്യക്തമായിരിക്കേ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണം വഴിതിരിച്ച് വിട്ട് കുറ്റവാളികളെ രക്ഷിക്കാനുള്ള അമിതാവേശമാണ്. പോലീസ് സേനയെ ആര്‍എസ്എസ് താല്‍പ്പര്യത്തിനൊത്ത് കുട്ടിക്കുരങ്ങന്‍ കളിപ്പിക്കുന്ന അജിത് കുമാറിനെ രക്ഷിക്കുക എന്ന താല്‍പ്പര്യം മാത്രമാണ് മുഖ്യമന്ത്രിക്ക്.

ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷി നേതാക്കള്‍ തന്നെ പല തവണ ഇതു വ്യക്തമാക്കിയിട്ടും മുഖവിലയ്‌ക്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഖേദകരമാണ്. 1991-95 വരെ പാലക്കാട് മുന്‍സിപ്പാലിറ്റി സിപിഎം ഭരിച്ചത് ബിജെപി പിന്തുണയോടെയായിരുന്നെന്ന് അന്നത്തെ ചെയര്‍മാന്‍ എം എസ് ഗോപാലകൃഷ്ണന്‍ അയച്ച കത്ത് സഹിതം പുറത്തുവന്നിരിക്കുന്നു. ഇനിയെങ്കിലും സിപിഎം ഫാഷിസ്റ്റ് വിരുദ്ധരാണെന്ന കാപട്യം അവസാനിപ്പിക്കണം.

വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും ഭയപ്പെടുന്ന തികഞ്ഞ ഫാഷിസ്റ്റായി പിണറായി വിജയന്‍ മാറിയിരിക്കുന്നു.

പി ജയരാജന്‍ തന്റെ പുസ്തകത്തിന്റെ മാര്‍ക്കറ്റിങ്ങിനു വേണ്ടി പടച്ചുണ്ടായ നുണക്കഥകള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരേ പ്രതിഷേധിച്ചതിന് പോലും കേസെടുത്തിരിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം പോലും നിഷേധിക്കുകയാണ്. യുപിയെ പോലും വെല്ലുന്ന പോലീസ് രാജാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയും ഇടതു സര്‍ക്കാര്‍ ഘടക കക്ഷികളും വിഷയത്തില്‍ മറുപടി പറയണം.

ഇടതു സര്‍ക്കാരിലെ ഘടകകക്ഷി ജനാധിപത്യത്തെ അട്ടിമറിച്ച് എംഎല്‍എ മാരെ ബിജെപിക്കു മറിച്ചുവില്‍ക്കാന്‍ 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം.

മുഖ്യമന്ത്രിക്കും ഇടതു മുന്നണി ഘടകകക്ഷികള്‍ക്കും ആര്‍എസ്എസ് വിരുദ്ധത ന്യൂനപക്ഷ വോട്ട് തട്ടിയെടുക്കാനുള്ള ചെപ്പടി വിദ്യ മാത്രമാണ്. ആര്‍എസ്എസ് നിയന്ത്രിത ഡീപ് സ്റ്റേറ്റായി കേരളം മാറിയിരിക്കുകയാണ്. അതിന്റെ അംബാസിഡറാണ് എം ആര്‍ അജിത് കുമാര്‍. അജിത് കുമാറിനെതിരേ നടപടിയെടുക്കാന്‍ പിണറായിയുടെ മുട്ട് വിറയ്ക്കുന്നത് മടിയില്‍ കനമുള്ളതുകൊണ്ടു തന്നെയാണെന്നും പി അബ്ദുല്‍ ഹമീദ് പരിഹസിച്ചു.

ആവശ്യങ്ങള്‍

1. സ്വതന്ത്രവും നീതിയുക്തവുമായ ഉപതിരഞ്ഞെടുപ്പിന് സര്‍ക്കാര്‍ സാഹചര്യമൊരുക്കണം
2. ഭരണ കക്ഷി എംഎല്‍എയ്‌ക്കെതിരായ 100 കോടി അഴിമതി ആരോപണത്തില്‍ സമഗ്രാന്വേഷണം വേണം.
3. പൂരം കലക്കല്‍ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടരുത്. സമഗ്രാനേഷണത്തിലൂടെ നിജസ്ഥിതി പുറത്തുവിടണം
4. അധോലോക മാഫിയ തലവനായി മാറിയ എം ആര്‍ അജത് കുമാറിനെ സർവീസിൽ നിന്നും പിരിച്ചു വിടണം
5. മതരാഷ്ട്ര വാദം, ന്യൂനപക്ഷ വര്‍ഗീയത തുടങ്ങിയ സമീകരണങ്ങളിലൂടെ ആര്‍എസ്എസ്സിനെ വെള്ളപൂശാനുള്ള ശ്രമം ഫാഷിസത്തിന് വളം നല്‍കും. മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഇത്തരം നടപടികളില്‍ നിന്നും പിന്മാറണം

വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സംബന്ധിച്ചു.

അന്‍സാരി ഏനാത്ത്
മീഡിയ ഇന്‍ചാര്‍ജ്
ഫോണ്‍: 9544662704

പി എം അഹമ്മദ്
മീഡിയ കോഡിനേറ്റര്‍
ഫോണ്‍: 9446923776