ശമ്പളപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

ശമ്പളപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

മൂന്ന് അംഗീകൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് യൂണിയനുകള്‍ മന്ത്രിയെ അറിയിച്ചു.

ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65 കോടി രൂപ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുവദിച്ച 30 കോടി രൂപയും 45 കോടിയുടെ ഓവര്‍ഡാഫ്റ്റും ഉപയോഗിച്ചാണ് 19ാം തീയതി ശമ്പളം നല്‍കാനായത്.

മുന്‍കാല അനുഭവം വച്ച് ശമ്പളം കൊടുക്കില്ലെന്നാണ് കരുതുന്നതെന്നും അതിനാല്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു.