മാനസിക വെല്ലുവിളി നേരിടുന്ന 22 കാരി ആറുമാസം ഗർഭിണി; പുറത്തുവന്നത് 1വർഷം നീണ്ട കൂട്ട ബലാത്സംഗം; പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്
ഭുവനേശ്വർ: മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന പിതാവിനൊപ്പം കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളികൾ നേരിടുന്ന 22 കാരിയെ ഒരു വർഷത്തോളം ബലാത്സംഗം ചെയ്ത നാല് പേർ പിടിയിൽ.
ഒഡിഷയിലെ ദേൻകനാലിലെ ഭാപൂർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ 40കാരനായ ബബുലി നായിക്, 32കാരനായ ബിരാഞ്ചി മൊഹറാണ, 24കാരനായ അഭിനാഷ് പരീദ, 27കാരനായ ജിപൻ പരീദ എന്നിവരാണ് അറസ്റ്റിലായത്. സാദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹുലാപുഞ്ചി ഗ്രാമത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ദേൻകനാലിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ കോണിപ്പടിക്ക് സമീപത്തായിരുന്നു യുവതിയും പ്രായമായ പിതാവും കഴിഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ ദുരവസ്ഥ മുതലെടുത്തായിരുന്നു അക്രമികളുടെ ഇടപെടൽ. അതിക്രൂരമായ സംഭവത്തിൽ ആറോളം പേർ പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
ഗർഭിണിയായ യുവതി ഉപേക്ഷിക്കപ്പെട്ട വീട്ടിൽ കഴിയുന്നതായി സമീപവാസികൾ സഖി സെന്ററിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാല് പേർ പിടിയിലായത്.
ആറ് മാസം ഗർഭിണിയായ യുവതി നൽകിയ ചില വിവരങ്ങളാണ് പൊലീസുകാരെ പ്രതികളിലേക്ക് എത്തിച്ചത്. കുറ്റകൃത്യത്തിൽ പങ്കുള്ളവരെ മുഴുവൻ പിടികൂടുമെന്നും ശക്തമായ നിയമനടപടി ഉറപ്പാക്കുമെന്നാണ് സംഭവത്തേക്കുറിച്ച് ഉപ മുഖ്യമന്ത്രി പാർവതി പരീദ വിശദമാക്കിയത്.
ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയെ. എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിക്ക് ഒരു സഹോദരൻ കൂടിയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.