എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി; നാല് കിലോ കഞ്ചാവുമായി സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്ന യുവാവ് ഭയന്ന് പുഴയിൽ ചാടിയത് വെള്ളിയാഴ്ച വൈകീട്ട്
പാലക്കാട്: എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി കാണാതായ 17കാരൻ്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വല്ലപ്പുഴ സ്വദേശി കളത്തിൽ ഷംസുവിന്റെ മകൻ സുഹൈറാണ് മരിച്ചത്. കുലുക്കല്ലൂർ ആനക്കൽ നരിമടക്കു സമീപത്ത് വച്ചാണ് സുഹൈർ പുഴയിൽ ചാടിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ ചാടിയത്. ഇന്ന് ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. നരിമടക്ക് സമീപം സുഹൃത്തുക്കൾക്കൊപ്പമാണ് സുഹൈറുണ്ടായിരുന്നത്. എക്സൈസ് സംഘം എത്തിയതോടെ ഇവർ ചിതറിയോടി.
സുഹൈറും സുഹൃത്തുമാണ് പുഴയിലേക്ക് എടുത്ത് ചാടിയത്. രാത്രി 10 മണിയോടെ സുഹൃത്ത് പുഴയിൽ നിന്ന് നീന്തി കരക്ക് കയറി വീട്ടിലെത്തി. ആ സമയത്താണ് സുഹൈറിനെ കാണാനില്ലെന്ന് വ്യക്തമായത്. പിന്നാലെ പുഴയിൽ തിരച്ചിൽ നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെയും തിരച്ചിൽ തുടർന്നെങ്കിലും സുഹൈറിനെ കണ്ടെത്താനായിരുന്നില്ല. സുഹൈറിൻ്റെ സുഹൃത്തുക്കളിൽ എട്ട് പേരെ നാല് കിലോ കഞ്ചാവുമായി വെള്ളിയാഴ്ച എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻ്റിലാണ്. സുഹൈറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.