ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണൻ മാത്രം: തുടർ നടപടികൾ സ്റ്റേ ചെയ്യില്ല; ധൃതി പിടിച്ച് തീരുമാനം എടുക്കാവുന്ന ഒരു കാര്യമല്ല ഇതെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല മേൽശാന്തി നിയമന വിജ്ഞാപനത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. വിശദമായി പരിശോധിക്കേണ്ട കാര്യമാണ് ഇത്. കേസിൻറെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ല. ധൃതി പിടിച്ച് തീരുമാനം എടുക്കാവുന്ന ഒരു കാര്യമല്ല ഇതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ശബരിമല മാളികപ്പുറം മേൽശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവർ മലയാള ബ്രാഹ്മണൻ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് ഹർജിക്കാരൻറെ വാദം. കോടതി കേസ് ഓഗസ്റ്റ് 12 ലേക്കു മാറ്റി.
അതേസമയം, മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അടുത്ത മാസം പന്ത്രണ്ടിന് അകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റീസുമാരായ സി.ടി രവികുമാർ, മുരളീ പുരുഷോത്തമൻ എന്നിവർ അടങ്ങിയ ബെഞ്ച് അറിയിച്ചു.
ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.വി വിഷ്ണുനാരായണൻ, ടി.എൽ സിജിത്ത് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 17ന് അവസാനിച്ചതായും നടപടികൾ സ്റ്റേ ചെയ്തില്ലെങ്കിൽ ഹർജി കാലഹരണപ്പെടുമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ കോടതി ഇത് അനുവദിച്ചില്ല.