എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: ഹൈക്കോടതി വിധി ഇന്ന്

എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി: ഹൈക്കോടതി വിധി ഇന്ന്

ചെന്നൈ: ദിനകരന്റെ പക്ഷത്തേക്കു മാറിയ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്നാണ് മദ്രാസ് ഹൈക്കോടതിവിധി പറയുന്നത്.കേസില്‍ ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് എം.സുന്ദര്‍ എന്നിവരുടെ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണു വിധി പറയുക. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ മാറ്റണമെന്നു ഗവര്‍ണര്‍ക്കു കത്തു നല്‍കിയ 18 എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചാല്‍ സര്‍ക്കാരിനു തല്‍ക്കാലം ഭീഷണിയുണ്ടാകില്ല. പിന്നീട് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കാനാണു സാധ്യത. എന്നാല്‍ ഉപതിരഞ്ഞെടുപ്പു നേരിടാനാണു തീരുമാനമെങ്കില്‍ അത് അണ്ണാഡിഎംകെയ്ക്കു ചെറുതല്ലാത്ത ഭീഷണിയാകും ഉയര്‍ത്തുക. ഉപതിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റ് പ്രതിപക്ഷം നേടിയാല്‍ മന്ത്രിസഭയെ താഴെ വീഴ്ത്താന്‍ അതു മതി.

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയാല്‍ എടപ്പാടി സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെടും. ദിനകരന്‍ പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ നിലനില്‍പ് ഗുരുതര പ്രതിസന്ധിയിലുമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പളനി സാമിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദിനകരന്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഡിഎംകെ ചീഫ് വിപ് സ്പീക്കര്‍ക്കു കത്തു നല്‍കി. എംഎല്‍എമാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്.

ഇവരില്‍ ഒരു എംഎല്‍എ പിന്നീട് നിലപാട് മാറ്റി. ചീഫ് വിപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ 18 പേരെ സ്പീക്കര്‍ അയോഗ്യരാക്കി. ഇതിനെതിരെയാണു എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജനുവരിയില്‍ വാദം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും വിധി പറയുന്നതു പത്തുമാസത്തോളം നീണ്ടുപോവുകയായിരുന്നു.