സഹകരണ വകുപ്പില്‍ നിയമനം നടത്താന്‍ മടിച്ച് സര്‍ക്കാര്‍: ഒഴിഞ്ഞ് കിടക്കുന്നത് 81 കസേരകള്‍

സഹകരണ വകുപ്പില്‍ നിയമനം നടത്താന്‍ മടിച്ച് സര്‍ക്കാര്‍: ഒഴിഞ്ഞ് കിടക്കുന്നത് 81 കസേരകള്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: സഹകരണ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല, ഒഴിഞ്ഞ് കിടക്കുന്നത് 81 തസ്തികകള്‍. ജൂനിയര്‍, സീനിയര്‍, സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍, ഓഡിറ്റര്‍ എന്നീ തസ്തികകളാണ് ഇപ്പോള്‍ നികത്താതെ കിടക്കുന്നത്. സംസ്ഥാനത്ത് ആകെ റെഗുലര്‍ വിഭാഗത്തിലും കെ.എസ്.ആര്‍ വിഭാഗത്തിലുമായി 2411 തസ്തികകളാണുള്ളത്. ഇതില്‍ ഒഴിവുവന്ന തസ്തികകളൊന്നും ഇതുവരെ നികത്താനുള്ള നടപടിയെങ്ങുമെത്തിയില്ല. ഓഡിറ്റര്‍മാരുടെ അഭാവമാണ് ഏറും. നിലവില്‍
ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ , ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ 59 തസ്തികകളില്‍ നിയമനം നടന്നിട്ടില്ല. ഇതില്‍ ജൂനിയര്‍ ഇന്‍സ്‌പെക്ടരുടെ 15 കസേരകളാണ് ഒഴിഞ്ഞി കിടക്കുന്നത്. ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ മാത്രമായി 44 ഒഴിവുകള്‍ ഇനിയും നികത്തിയിട്ടില്ല. ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴുവ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇടുക്കിയിലാണ്. നിലവില്‍ ആറ് പേരുടെ ഒഴിവാണ് ഇവിടെ. തിരുവനന്തപുരത്തും തൃശൂരിലും രണ്ടു പേരുടെ വേക്കന്‍സിയും നിലനില്‍ക്കുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം എന്നിവടങ്ങളില്‍ ഒരു ഒഴിവു വീതവുമുണ്ട്. ജൂനിയര്‍ ഓഡിറ്റര്‍ വിഭാഗത്തില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍കോട് ജില്ലയിലാണ്. എട്ടുപേരുടെ കുറവാണ് ഇവിടെയുള്ളത്. ഇടുക്കിയിലെയും കണ്ണൂരിലെയും സ്ഥിതി മറിച്ചല്ല. ഏഴ് പേരുടെ കുറന് ഇരു ജില്ലകളിലുമുണ്ടെന്നാണ് വിവരം. ഇടുക്കിയില്‍ ജോലി ചെയ്യാന്‍ ഭൂരിഭാഗം പേര്‍ക്കും മടിയാണെന്നതിനാല്‍ ജില്ലയിലെത്തുന്നവര്‍ എങ്ങനെയും സ്ഥലംമാറ്റം വാങ്ങിപ്പോവുകയാണെന്ന ആരോപണവും ശക്തമാണ്. മലപ്പുറത്ത് അഞ്ച് ജൂനിയര്‍ ഓഡിറ്റര്‍മാരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയത് ഒരു ഉദ്യോഗസ്ഥന്റെ കുറവ് മാത്രമാണ് നിലവിലുള്ളത്. മില്‍മയില്‍ ആറ് ജൂനിയര്‍ ഓഡിറ്റര്‍മാരുടെ നിയമനമാണ് നടക്കാനുള്ളത്. ഓഡിറ്റര്‍മാരുടെ അഭാവം ഓഡിറ്റിംഗ് സമയത്ത് വന്‍ പ്രതിസന്ധികളുണ്ടാക്കുമെന്നിരിക്കെയാണ് പലയിടത്തും ഇത്രയും പേരുടെ കുറവ് കാണുന്നത്. വകുപ്പില്‍ സീനീയര്‍ ഓഡിറ്റര്‍ മാരുടെ കുറവും വന്‍തോതിലുണ്ട്. 17 സീനിയര്‍ ഓഡിറ്റര്‍മാരുടെ കുറവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ സീനിയര്‍ ഓഡിറ്റര്‍ റെഡുലര്‍ വിഭാഗത്തിലുള്ള ആകെ ഒന്‍പത് ഒഴിവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തൃശൂരിലാണ്. നാലു ഉദ്യോഗസ്ഥരുടെ കുറവ് കണ്ണൂരിലും നിലനില്‍ക്കുന്നു. കാസര്‍കോട് രണ്ട് സീനിയര്‍ ഓഡിറ്റര്‍മാരുടെ കുറവാണ് നികത്താതെ കിടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. സ്‌പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍മാരും വിവിധ ജില്ലകളില്‍ ഇല്ല. നാലുപേരുടെ കുറവാണ് നിലവിലുള്ളത്.