ഭാര്യമാരുടെ തർക്കം തീർക്കാൻ ഭർത്താവിനെ വീതം വച്ചു നൽകി പൊലീസ്:  പതിനഞ്ച് ദിവസം വീതം ഭർത്താവ് ഓരോ ഭാര്യമാരുടെയും കൂടെ കഴിയണം; സമ്മതിക്കാതെ ഭാര്യമാർ വനിതാ കമ്മിഷന് മുന്നിൽ; സംഭവം കൊല്ലം കടയ്ക്കലിൽ

ഭാര്യമാരുടെ തർക്കം തീർക്കാൻ ഭർത്താവിനെ വീതം വച്ചു നൽകി പൊലീസ്: പതിനഞ്ച് ദിവസം വീതം ഭർത്താവ് ഓരോ ഭാര്യമാരുടെയും കൂടെ കഴിയണം; സമ്മതിക്കാതെ ഭാര്യമാർ വനിതാ കമ്മിഷന് മുന്നിൽ; സംഭവം കൊല്ലം കടയ്ക്കലിൽ

സ്വന്തം ലേഖകൻ
കൊല്ലം: ഭർത്താവിനായി തല്ലുകൂടിയ ഭാര്യമാരെ ആശ്വസിപ്പിക്കാനായി പൊലീസ് ഭർത്താവിനെ വീതം വച്ചു നൽകി. ഒരു മാസത്തെ രണ്ടായി പകുത്താണ് ഭർത്താവിനെ പൊലീസ് ഭാര്യമാരെ ഏൽപ്പിച്ചത്. ആദ്യം പതിനഞ്ച് ദിവസം ഒരു ഭാര്യയ്‌ക്കൊപ്പവും പിന്നീടുള്ള ദിവസങ്ങളിൽ മറ്റൊരു ഭാര്യയ്‌ക്കൊപ്പം നിൽക്കണമെന്നുമായിരുന്നു പൊലീസ് നിർദേശം. എന്നാൽ, പൊലീസ് നിർദേശം അംഗീകരിക്കാതിരുന്ന ഭാര്യമാർ വനിതാ കമ്മിഷനിൽ പരാതിയുമായി എത്തി. ഇവിടെയും പൊലീസ് മുന്നോട്ട് വച്ചത് ഭർത്താവിനെ വീതം വയ്ക്കാനുള്ള നിർദേശം തന്നെയായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയുടെ ഭാര്യമാരാണ് കേസിലെ പരാതിക്കാരിയും എതിർകക്ഷിയും.
ഇതിനിടെ അദാലത്തിൽ വച്ച് പരാതിക്കാരി, ഭർത്താവിന്റെ രണ്ടാംഭാര്യയെ പരസ്യമായി അടിച്ചതോടെ സംഭവം വീണ്ടും ഗുരുതരവിവാദമായി മാറി. മുഖത്തിന് അടിയേറ്റ ഭർത്താവിന്റെ ആദ്യഭാര്യ നിലത്ത് വീഴുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരെയും ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് പരാതി റജിസ്റ്റർ ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു.
42 വർഷം മുമ്പാണ് കടയ്ക്കൽ സ്വദേശി പരാതിക്കാരിയെ വിവാഹം ചെയ്തത്. പിന്നീട് ഇവർ തമ്മിൽ പിണങ്ങുകയും, ഭാര്യ വിദേശത്തേക്ക് പോകുകയും ചെയ്തു. ഇതിനു ശേഷം, ഇയാൾ രണ്ട് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ വീണ്ടും വിവാഹം ചെയ്തു. 23 വർഷം മുൻപായിരുന്നു ആ വിവാഹം. ഇവർ കുടുംബമായി ജീവിക്കുന്നതിനിടെ വിദേശത്തു നിന്നും മടങ്ങിയെത്തിയ ആദ്യഭാര്യ ഭർത്താവിനെ ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിനെ വിട്ടുനൽകുന്നില്ലെന്നും പിടിച്ചുവച്ചിരിക്കുന്നുവെന്നും കാട്ടി ആദ്യഭാര്യ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലും വനിതാ കമ്മിഷനിലും പരാതി നൽകി.
ഒടുവിൽ പലവിധത്തിലുള്ള അനുനയതന്ത്രങ്ങളും പൊലീസ് നടത്തിയെങ്കിലും ഭാര്യമാർ അതിനു വഴങ്ങിയില്ല. ‘മാസത്തിലെ 15 ദിവസം ആദ്യഭാര്യയ്ക്കൊപ്പവും 15 ദിവസം രണ്ടാം ഭാര്യയ്ക്കൊപ്പവും ഭർത്താവ് താമസിക്കുക’ എന്ന വ്യവസ്ഥയിൽ സമ്മതമാണോ എന്ന് പോലീസ് ചോദിച്ചെങ്കിലും സമ്മതിച്ചില്ലെന്നു രണ്ടാംഭാര്യയും വനിതാ കമ്മിഷൻ കേസിലെ എതിർകക്ഷിയുമായ സ്ത്രീ പറഞ്ഞു. വനിതാ കമ്മിഷന്റെ അടുത്ത അദാലത്തിൽ ഭർത്താവും മക്കളും ഹാജരാകാൻ നോട്ടിസ് നൽകുമെന്നു വനിതാ കമ്മിഷൻ അറിയിച്ചു.
എന്നാൽ, പൊലീസ് നിർദേശം തള്ളിയതോടെ ഇനി ഇരുവരെയും എങ്ങിനെ അനുനയിപ്പിക്കുമെന്നതാണ് മറ്റൊരു ആശങ്ക. ഭർത്താവിനെ വിട്ടു നൽകിയില്ലെങ്കിൽ കേസുമായി ഏതറ്റം വരെയും പോകുമെന്നും ആദ്യ ഭാര്യപറയുന്നു.