play-sharp-fill
നെഞ്ച് തകർന്ന് വയനാട്! ‘ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്, ഉറ്റവരെല്ലാം മണ്ണിനടിയിൽ’ ; കാണാതായത് ഒരു പ്രദേശം തന്നെ; ഒന്നും ചെയ്യാനാകാതെ നാട്ടുകാര്‍

നെഞ്ച് തകർന്ന് വയനാട്! ‘ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്, ഉറ്റവരെല്ലാം മണ്ണിനടിയിൽ’ ; കാണാതായത് ഒരു പ്രദേശം തന്നെ; ഒന്നും ചെയ്യാനാകാതെ നാട്ടുകാര്‍

കല്‍പ്പറ്റ : വയനാട് മുണ്ടൈക്കയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. അൻപതോളം പേർ മരിച്ചതായാണ് വിവരം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ചാലിയാര്‍ പുഴയില്‍ നിന്നാണ് ഒമ്ബത് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇത് ദുരന്തത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ഒരു പ്രദേശം മുഴുവനാണ് ഉരുള്‍പൊട്ടി കാണാതായത്.

ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ കാഴ്ചകള്‍ ഭീകരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉരുള്‍പൊട്ടലിന് പിന്നാലെ ഒരു പ്രദേശം തന്നെ കാണാനില്ലെന്ന് നാട്ടുകാരൻ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്.അവരെല്ലാം മണ്ണിനടിയിലാണ്. ഹെലികോപ്ടറിനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല. ആദ്യം ചെറുതായാണ് ഉരുള്‍ പൊട്ടിയത്. പിന്നീട് രണ്ടുതവണ കൂടി ഉരുള്‍പൊട്ടുകയായിരുന്നു’. രണ്ടാംതവണ ഭീകരമായാണ് ഉരുള്‍പൊട്ടിയതെന്നും നാട്ടുകാര്‍ പറഞ്ഞു.

പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.റവന്യു മന്ത്രി കെ രാജന്‍, മന്ത്രി ഒആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു.

മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. കനത്ത മഴക്കൊപ്പം പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരം വ്യക്തമല്ല. വൈത്തിരി താലൂക്ക്, വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളിലായാണ് ഉരുള്‍ പൊട്ടിയത്.

താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം. ഉരുള്‍പൊട്ടലടക്കമുള്ള വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.