മാലിന്യസംസ്കരണം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു; ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിന്റെ കർമപദ്ധതിക്ക് തദ്ദേശവകുപ്പിന്റെ അംഗീകാരം, ജൂലൈ- ആഗസ്റ്റ് മുതൽ ശുചിത്വ ക്ലാസുകൾക്ക് രൂപം നൽകണമെന്ന് നിർദേശം
പാലക്കാട്: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. അധ്യയനവർഷം വിദ്യാർത്ഥികൾ 30 മുതൽ 40 മണിക്കൂർ വരെ മാലിന്യ സംസ്കരണ വിഷയത്തിന്റെ ഭാഗമാകാൻ നിർദേശിക്കുന്ന ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിന്റെ കർമപദ്ധതിക്ക് തദ്ദേശവകുപ്പ് അംഗീകാരം നൽകി.
2024-25 മുതൽ ആഴ്ചയിൽ ഒരു മണിക്കൂർ ക്ലാസ് റൂമുകളിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്നതുൾപ്പെടെ നിരവധി നിർദേശങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്നത്. കർമപദ്ധതി പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് പൊതു- ഉന്നത വിദ്യാഭ്യാസമന്ത്രിമാരുടെ യോഗം നടക്കും.
അധ്യാപക സംഘടനകളുമായി വിഷയം ചർച്ചചെയ്യും. പൊതു വിദ്യാഭ്യാസവകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കില, ക്ലീൻ കേരള കമ്പനി തുടങ്ങിയവരുടെ സഹകരണത്തിൽ വിശാലമായ മാലിന്യസംസ്കരണ ബോധവത്കരണ പദ്ധതിയാണ് മുന്നോട്ടുവെക്കുന്നത്. ജൂലൈ- ആഗസ്റ്റ് മുതൽ ശുചിത്വ ക്ലാസുകൾക്ക് രൂപം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഴുവൻ വിദ്യാർത്ഥികളും വീട്ടിലെ ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിക്കുന്നെന്നും അജൈവ മാലിന്യം ഹരിതകർമസേനക്ക് കൈമാറുന്നെന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കില്ലെന്നുമുള്ള രക്ഷിതാക്കളുടെ സാക്ഷ്യപത്രം കൊണ്ടുവരാൻ ആവശ്യപ്പെടണമെന്ന നിർദേശമുണ്ട്.
ഓരോ ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കുന്ന ശുചിത്വ ലീഡർ എല്ലാ ആഴ്ചയിലും ശുചിത്വ മാലിന്യ -പരിപാലന നിർദേശങ്ങൾ വിശദീകരിച്ച് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കണം. ആഗസ്റ്റ് മുതൽ തന്നെ മാലിന്യസംസ്കരണത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ സംസാരിക്കാൻ ഹരിത കർമ സേനാംഗങ്ങളെ ക്ഷണിക്കണം.
ഓരോ ആഴ്ചയിലും ഒരു മണിക്കൂർ ശുചിത്വചർച്ചയുടെ ഭാഗമാകാനുള്ള വിഷയങ്ങൾ തയാറാക്കും. ജില്ല തലത്തിലും വിദ്യാഭ്യാസ-സോൺ അടിസ്ഥാനത്തിലും അധ്യാപകർക്ക് പരിശീലനം നൽകും. മാസത്തിലൊരിക്കൽ ശുചിത്വ അസംബ്ലി ചേരണം.
ശുചിത്വത്തിൽ മുന്നിൽനിൽക്കുന്ന ക്ലാസിന് അസംബ്ലിയിൽ ‘ശുചിത്വ സ്റ്റാർ’ നൽകും. മികച്ച ശുചിത്വ, മാലിന്യസംസ്കരണ സംവിധാനങ്ങളുള്ള സ്കൂളുകൾക്ക് ഉപജില്ലയിൽ ഗ്രീൻ റോളിങ് ട്രോഫിയും തുടർച്ചയായി ലഭിച്ചാൽ ഗ്രീൻ അച്ചീവ്മെന്റ് അവാർഡും നൽകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എല്ലാ വിദ്യാർത്ഥികളും കുറഞ്ഞത് 10 ദിവസത്തെ ഇന്റേൺഷിപ്പിന്റെ ഭാഗമാകുന്ന തരത്തിലുള്ള പ്രവർത്തന പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ശുചിത്വമിഷൻ തയാറാക്കാൻ നിർദേശം. വാർഡ് തല പ്രവർത്തനങ്ങൾ, തദ്ദേശ പ്രവർത്തനം, ഹരിത കർമസേന, ജില്ല ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവയുമായി ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം.
മാലിന്യസംസ്കരണ മേഖലയിൽ കൂടുതൽ പ്രഫഷണലുകളെ വളർത്തിയെടുക്കാനാണിത്. സാമൂഹിക തലത്തിൽ ഇടപെട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള നാക് (എൻ.എ.എ.സി) അക്രഡിറ്റേഷനിൽ ക്യാമ്പസുകൾ വില്ലേജുകൾ ദത്തെടുക്കുന്ന പ്രവർത്തനങ്ങൾ നടത്താമെന്നും നിർദേശിക്കുന്നു.