play-sharp-fill
കള്ളവോട്ട് തടയുകയെന്ന ലക്ഷ്യം; ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ

കള്ളവോട്ട് തടയുകയെന്ന ലക്ഷ്യം; ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ

സ്വന്തം ലേഖകൻ

ന്യുഡൽഹി: ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഇതടക്കമുള്ള തെരഞ്ഞെടുപ്പ് ചട്ട പരിഷ്കരണത്തിന് അംഗീകാരം നൽകി.

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകുമെന്നതാണ് പരിഷ്കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. വോട്ടെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമാണ് പുതിയ നിയമപരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് ഒരുവോട്ട് മാത്രമേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഭേദഗതി നിർദേശം സർക്കാരിന് സമർപ്പിച്ചത്.

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കണമെന്ന് നിലവിൽ സുപ്രീംകോടതിയിൽ ഒരു ഹർജി നിലവിലുണ്ട്. തുടക്കത്തിൽ ഇക്കാര്യം ആരെയും നിർബന്ധിക്കില്ല. അതേസമയം, ഇതുരണ്ടും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തിൽ കണ്ടെത്താനും നിരീക്ഷിക്കാനുമാവും.

ബില്ലിലെ മറ്റൊരു ശ്രദ്ധേയ നിർദേശം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ്. 2022 ജനുവരി 1 മുതൽ ആദ്യമായി വോട്ട് ചെയ്യുന്ന 18 വയസ്സുകാർക്ക് വർഷം നാല് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും.

നാല് തവണയ്ക്കും നാല് കട്ട് ഓഫ് തീയതികളുമുണ്ടാകും. ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ തീയതികളിൽ തുടങ്ങുന്ന കാലാവധികളിലാകും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകുക. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്.