play-sharp-fill
അടൂർ ഹോളിക്രോസ് ആശുപത്രിയിൽ ഓപ്പറേഷനിടെ വില്ലേജ് ഓഫീസർ മരിച്ച സംഭവം; ആരോപണ വിധേയനായ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയൻ സ്റ്റീഫന് സസ്പെൻഷൻ;  ഡോക്ടറുടെ ബന്ധം പുറത്ത് കൊണ്ടുവന്നത് തേർഡ് ഐ ന്യൂസ്

അടൂർ ഹോളിക്രോസ് ആശുപത്രിയിൽ ഓപ്പറേഷനിടെ വില്ലേജ് ഓഫീസർ മരിച്ച സംഭവം; ആരോപണ വിധേയനായ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയൻ സ്റ്റീഫന് സസ്പെൻഷൻ; ഡോക്ടറുടെ ബന്ധം പുറത്ത് കൊണ്ടുവന്നത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: അടൂർ ഹോളിക്രോസ് ആശുപത്രിയിൽ തൈറോയിഡ് ഓപ്പറേഷനിടെ അടൂർ വില്ലേജ് ഓഫീസർ മരിച്ച സംഭവത്തിൽ ആരോപണവിധേയനായ തിരുവനന്തപുരം മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയൻ സ്റ്റീഫന് സസ്പെൻഷൻ. ഡോ.ജയനാണ് സർജറി നടത്തിയതെന്ന് ചൂണ്ടിക്കാണിച്ച് വില്ലേജ് ഓഫീസറുടെ മരണദിവസം തന്നെ തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടിരുന്നു.

സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. എ റംല ബീവി ഉത്തരവിട്ടു. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ്. കല ഹോളി ക്രോസ് ആശുപത്രിയിൽ തൈറോയ്ഡ് ഓപ്പറേഷനിടെ മരിക്കുന്നത്. എസ്. കലയുടെ ഭർത്താവ് വിവി ജയകുമാർ ചികിത്സാ പിഴവ് ആരോപിച്ച്‌ അടൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് പ്രൊഫസർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഡോ. ജയൻ സ്റ്റീഫൻ ഹോളി ക്രോസ് ആശുപത്രിയിൽ ചികിൽസ നടത്തിയിരുന്നത്.

ജയൻ സ്റ്റീഫന്റെ ചികിൽസയിലായിരുന്ന കലയ്ക്ക് അദ്ദേഹം തന്നെയായിരുന്നു ഓപ്പറേഷൻ വേണമെന്ന് നിർദ്ദേശിച്ചതും.

വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. ഇതിനു ശേഷം വൈകിട്ട് കലയുടെ ഭർത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല.

വെള്ളിയാഴ്ച രാത്രിയിൽ കലയ്ക്ക് അസ്വസ്ഥതകൾ ഉണ്ടായതായി ആശുപത്രി അധികൃതർ ശനിയാഴ്ച പുലർച്ചെ ജയകുമാറിനോട് പറഞ്ഞു. ഡോക്ടർ പരിശോധന നടത്തിയെന്നും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്നും അറിയിച്ചു. എന്നാൽ 5.30-ന് കലയ്ക്ക് ഹൃദയസ്തംഭനമുണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കൽ സംഘം ഉൾപ്പെടുന്ന ഐ.സി.യു ആംംബുലൻസ് വരുമെന്നും അവിടേക്ക് മാറ്റണമെന്നും അറിയിച്ചു.

എന്നാൽ രണ്ടു മണിക്കൂറിനു ശേഷവും വാഹനം എത്താതായതോടെ ബന്ധുക്കൾ ആശുപത്രി അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു. തുടർന്ന് സമീപത്തുള്ള സാധാരണ ആംബുലൻസാണ് എത്തിയത്. ബന്ധുക്കളുടെ നിർബന്ധപ്രകാരം അശുപത്രിയിൽ നിന്നും ഒരു ഡോക്ടറും നഴ്‌സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്‌ക്കൊപ്പം പോയി. ശനിയാഴ്ച രാവിലെ 10.30-ന് വില്ലേജ് ഓഫീസർ മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചു.

ഡോ. ജയൻ സ്റ്റീഫന്റെ പേര് രേഖകളിൽ ഉൾപ്പെടുത്താത്ത ആശുപത്രി അധികൃതർ ഡോ. സുരേഷ് ബാബു, ഡോ. ജോർജ് എന്നിങ്ങനെ രണ്ട് ഡോക്ടർമാരാണ് ഓപ്പറേഷന് നേതൃത്വം നൽകിയതെന്നാണ് വിശദീകരിക്കുന്നത്.

എന്നാൽ ഡോ. ജയൻ സ്റ്റീഫന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ നടന്നതെന്ന് ബന്ധുക്കൾ പറയുന്നു. കേസ് അന്വേഷണ ചുമതല അടൂർ ഡിവൈഎസ്‌പിക്കാണ്.

വില്ലേജ് ഓഫീസറുടെ മരണം നടന്ന ഒക്ടോബർ അഞ്ചാം തീയതി ഡോ.ജയൻ്റെ ബന്ധം സൂചിപ്പിച്ച് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ട വാർത്ത ഇവിടെ വായിക്കാം

അടൂരിലെ ഹോളിക്രോസ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് വില്ലേജ് ഓഫീസർ മരിച്ച സംഭവം; സർജറി നടത്തിയത് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന് സൂചന; സംസ്ഥാനത്ത് നിരവധി സർക്കാർ ഡോക്ടർമാർ സ്വകാര്യ ആശുപത്രികളിൽ പണിയെടുക്കുന്നു; ആരോഗ്യരംഗത്ത് കേരളം നമ്പർ 1 എന്ന് അവകാശപ്പെടുമ്പോഴും ആരോഗ്യ വകുപ്പിൽ നടക്കുന്ന തട്ടിപ്പ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയുന്നില്ലേ?