
സ്വന്തംലേഖകൻ
കോട്ടയം: തെറ്റ് തിരുത്താൻ പി.എസ്.സി തയ്യാറായപ്പോൾ അർഹതപ്പെട്ട സർക്കാർ ജോലി ശ്രീജയിലേക്ക് എത്തി. പി.എസ്.സി റാങ്ക് പട്ടികയിലുണ്ടായിരുന്ന ശ്രീജയുടെ പേരിൽ മറ്റൊരാൾ ജോലി വേണ്ടെന്ന സമ്മതപത്രം നൽകിയതോടെയാണ് നിയമനം നിഷേധിക്കപ്പെട്ടത്. ശ്രീജയ്ക്ക് നേരിടേണ്ടി വന്ന നീതി നിഷേധത്തിൽ പിഴവ് ബോധ്യമായ പി.എസ്.സി ഇന്ന് ശ്രീജയെ കോട്ടയത്തെ ഓഫീസിലേക്ക് ക്ഷണിച്ചു വരുത്തിയാണ് അർഹതപ്പെട്ട നിയമന ശുപാർശ അവർക്ക് കൈമാറിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടൊണ് കോട്ടയം പി.എസ്.സി ഓഫീസിൽ എത്തി ശ്രീജ ഭർത്താവിനൊപ്പം നിയമന ശുപാർശ ഏറ്റു വാങ്ങിയത്.
സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. സമ്മതപത്രം നൽകിയത് എസ്.ശ്രീജയല്ലെന്ന് പി.എസ്.സി നൽകിയ പ്രാഥമിക അമന്വഷണത്തിൽ കണ്ടെത്തിയതോടെയാണ് നിയമന ഉത്തരവ് നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും ഇപ്പോൾ ജോലി കിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്നും ശ്രീജ പറഞ്ഞു. തന്റെ
വിഷമം പുറത്തെത്തിച്ച മാധ്യമങ്ങളടക്കം കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ പ്രതികരിച്ചു.
കൊല്ലം സ്വദേശിനിയും കുന്നത്തൂരിൽ റവന്യൂവകുപ്പിൽ ജീവനക്കാരിയുമായ മറ്റൊരു ശ്രീജയായിരുന്നു ജോലി ആവശ്യമില്ലെന്ന് കാണിച്ച് പി.എസ്.സിക്ക് കത്തയച്ചത്. റാങ്ക് പട്ടികയിലുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നൽകിയതെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലർ നടത്തിയ ഗൂഢാലോചന ഇതിലൂടെ പുറത്ത് വന്നിരുന്നു. വ്യാജസമ്മത പത്രം നൽകി അർഹതപ്പെട്ടയാളുടെ ജോലി ഇല്ലാതാക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ശ്രീജ നടത്തിയ നിയമപോരാട്ടവും സ്വന്തം നിലയിൽ നടത്തിയ അന്വേഷണവുമാണ് ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്.









