
ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയ് യെ വിമർശിക്കുന്ന ചില മാധ്യമ അക്കൗണ്ടുകളെ സംസ്ഥാന അധികാരികളും തമിഴ്നാട്ടിലെ സൈബർ പോലീസ് വിഭാഗവും ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.
പിന്നാലെ വിജയിയെ വിമർശിച്ച ചാനലിനെതിരെ നടപടിയുമായി സർക്കാർ രംഗത്തെത്തി.
ചാനലിനെ സർക്കാർ കേബിള്‍ നെറ്റ് വർക്കില്‍ നിന്നൊഴിവാക്കി. വിജയ്ക്കെതിരെ ചാനല്‍ തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. തമിഴ്നാട്ടിലെ വാർത്താ ചാനലായ ‘പുതിയ തലമുറൈ’ക്കെതിരെയാണ് പ്രതികാര നടപടി സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ ഔദ്യോഗിക കേബിള്‍ നെറ്റ്വർക്കായ തമിഴ്നാട് അരശ് കേബിള്‍ ടിവിയില്‍ നിന്ന് ചാനലിനെ നീക്കം ചെയ്തു. നോട്ടിസ് നല്‍കാതെയാണ് ചാനല്‍ നീക്കിയതെന്നാണ് ആരോപണം. സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം ചാനല്‍ നടത്തിയിരുന്നു.
ക്രമസമാധാന പ്രശ്നങ്ങള്‍, നീലാങ്കരയിലെ വീട്ടില്‍ നിന്നുള്ള വിജയ്യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകള്‍ എന്നിവയെ കുറിച്ചായിരുന്നു ഇത്. ദില്ലി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയതും ചാനല്‍ വിമർശിച്ചിരുന്നു.
മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും പുതിയ തലമുറൈ ചാനല്‍ ആരോപിച്ചു. സംപ്രേഷണം തടഞ്ഞതില്‍ ചെന്നൈയിലെ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വിജയ് ധരിച്ച വസ്ത്രത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വൻ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.
പതിവുപോലെ തന്റെ സിഗ്നേച്ചർ ശൈലിയായ വെള്ള ഷർട്ടും ബ്ലാക്ക് ബ്ലേസറും ധരിച്ചാണ് വിജയ് പ്രധാനമന്ത്രിയുടെ ഓഫീസായ ‘സേവാ തീർത്ഥി’ല്‍ എത്തിയത്. എന്നാല്‍, ഷർട്ടിന്റെ മുകളിലത്തെ ബട്ടണുകള്‍ ഇടാതിരുന്നതും അതിനുള്ളിലെ ബനിയൻ പുറത്തേക്ക് കാണാമായിരുന്നതുമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
ഔദ്യോഗിക പരിപാടികളില്ലാം വൈറ്റ് ഷർട്ടും ബ്ലാക് ബ്ലേസറും ധരിച്ചാണ് വിജയ് എത്തുന്നത്. സത്യപ്രതിജ്ഞയ്ക്ക് എത്തിയപ്പോഴും വിജയ്യുടെ ഈ വസ്ത്രധാരണശൈലി നേടിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോള്‍ ബ്ലേസറിനൊപ്പം ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളില്‍ ചിലരെ ചൊടിപ്പിക്കുകയായിരുന്നു.
ഇത്ര ശ്രദ്ധയില്ലാതെ വസ്ത്രം ധരിച്ചാണോ പ്രധാനമന്ത്രിയെ കാണാൻ പോകേണ്ടത് എന്നാണ് വിമർശകർ ചോദിക്കുന്നത്. വിജയ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലർത്തേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. എന്നാല്‍ ഇത് വിജയ്യുടെ ലാളിത്യമാണ് കാണിക്കുന്നതെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. വിമർശിക്കാൻമാത്രം ഒന്നും ഇക്കാര്യത്തിലില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.







