
കോട്ടയം: ചങ്ങനാശേരി ഡിപ്പോയില്‍ നിന്നുള്ള വേളാങ്കണ്ണി സർവീസ് കെഎസ്‌ആർടിസി വെട്ടിച്ചുരുക്കി. എല്ലാ ദിവസവും ഉണ്ടായിരുന്ന സർവീസ് ഇനി മുതല്‍ വെള്ളി, ശനി, ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ മാത്രമായിരിക്കും ലഭ്യമാകുക.
കിലോമീറ്ററിന് നിശ്ചിത വരുമാനം ലഭിക്കാത്ത സർവീസുകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഒരു കിലോമീറ്ററിന് 40 രൂപയില്‍ താഴെ വരുമാനമുള്ള സർവീസുകള്‍ നിയന്ത്രിക്കാൻ കെഎസ്‌ആർടിസി നേരത്തെ തീരുമാനിച്ചിരുന്നു. വേളാങ്കണ്ണി സർവീസില്‍ നിന്നുള്ള വരുമാനം 33 മുതല്‍ 37 രൂപ വരെയായി താഴ്ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതേത്തുടർന്നാണ് പ്രതിദിന സർവീസ് ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്.
രണ്ട് ബസുകളാണ് ഈ റൂട്ടില്‍ സർവീസ് നടത്തിയിരുന്നത്. ചങ്ങനാശേരിയില്‍ നിന്ന് ദിവസവും ഉച്ചയ്ക്ക് 2.30-ന് പുറപ്പെടുന്ന ബസ് കോട്ടയം, പാലാ, തൊടുപുഴ, തൃശൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഡിണ്ടിഗല്‍, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയില്‍ എത്തിച്ചേരുന്നത്. തിരികെ വേളാങ്കണ്ണിയില്‍ നിന്ന് ഉച്ചയ്ക്ക് 2.30-നും ചങ്ങനാശേരിയിലേക്ക് ബസ് പുറപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group







