
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുൻ ഡയറക്ടർ ഡോ. കെ. ജെ. റീനയെ സ്ഥലംമാറ്റിയ ഉത്തരവിലെ വിവാദ പരാമർശം പിൻവലിച്ച് സംസ്ഥാന സർക്കാർ. റീന 15 ദിവസം അവധിയെടുത്തുവെന്ന പരാമർശം ഒഴിവാക്കി ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി.
നിപ വൈറസ് സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് സ്ഥലംമാറ്റിയത്. റീന 15 ദിവസം അവധിയെടുത്തുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ അവർ രണ്ടര ദിവസം മാത്രമാണ് അവധിയെടുത്തതെന്നും 15 ദിവസത്തെ അവധിയെക്കുറിച്ചുള്ള പരാമർശം തെറ്റാണെന്നുമുള്ള രേഖകൾ പിന്നീട് പുറത്തുവന്നിരുന്നു.
സ്ഥലംമാറ്റ നടപടിയെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് റീന പ്രതികരിച്ചിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയ ശേഷമാണ് രണ്ടര ദിവസത്തെ അവധി എടുത്തതെന്നും, അത് എങ്ങനെ 15 ദിവസമായി രേഖപ്പെടുത്തിയെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഡയറക്ടറുടെ സ്ഥലംമാറ്റം. നിലവിൽ അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല.
Whatsapp Group 1 | Whatsapp Group 2 |Telegram Group







