play-sharp-fill
നടൻ രാജ്കുമാറിനെ തട്ടികൊണ്ടുപോയ കേസിൽ വീരപ്പനേയും കൂട്ടാളികളേയും വെറുതെ വിട്ടു; വിധി പതിനെട്ടു വർഷങ്ങൾക്കു ശേഷം ഇരയും പ്രതിയും മരിച്ചു കഴിഞ്ഞ്

നടൻ രാജ്കുമാറിനെ തട്ടികൊണ്ടുപോയ കേസിൽ വീരപ്പനേയും കൂട്ടാളികളേയും വെറുതെ വിട്ടു; വിധി പതിനെട്ടു വർഷങ്ങൾക്കു ശേഷം ഇരയും പ്രതിയും മരിച്ചു കഴിഞ്ഞ്

സ്വന്തം ലേഖകൻ

ചെന്നൈ: കന്നഡ സിനിമയിലെ സൂപ്പർ താരം ഡോ. രാജ്കുമാറിനെ കാട്ടുകള്ളൻ വീരപ്പൻ തട്ടിക്കൊണ്ടുപോയ കേസിൽ ഇരയും പ്രതിയും മരിച്ച ശേഷം പ്രതികളെ വെറുതെവിട്ട് കോടതി വിധി. 2000 ൽ നടന്ന സംഭവത്തിൽ 18 വർഷത്തിന് ശേഷം വിധി വരുമ്പോൾ ഇര രാജ്കുമാർ മരിച്ചിട്ട് 12 വർഷവും പ്രതി വീരപ്പൻ മരിച്ചിട്ട് 14 വർഷവും പിന്നിട്ടു. കേസിൽ വീരപ്പനെക്കൂടാതെ അടുത്ത കൂട്ടാളിയായിരുന്ന സേത്തുക്കുഴി ഗോവിന്ദൻ, രംഗസ്വാമി എന്നിവരും മരണമടഞ്ഞതോടെ വിചാരണ നേരിട്ടത് പ്രതികളായ ഗോവിന്ദരാജ്, ആന്തിൽ, പശുവണ്ണ, കുപ്പുസ്വാമി, കൽമാഡി രാമൻ എന്നിവരാണ്. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ട പ്രോസിക്യൂഷനെ വിമർശിച്ചു. ഈറോഡ് ജില്ലാ ജഡ്ജി കെ മണിയാണ് വിധി പറഞ്ഞത്.


പ്രതികൾക്കു വീരപ്പനുമായി അടുത്ത അനുയായിയായ സേത്തുക്കുഴി ഗോവിന്ദനുമായോ ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ പരാതിയുമായി മുന്നോട്ടുവരാൻ മടിച്ച രാജ്കുമാറിന്റെ കുടുംബത്തെയും കോടതി വിമർശിച്ചു. 2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ ഗജനൂരിലെ ഫാംഹൗസിൽ നിന്ന് വീരപ്പനും കൂട്ടാളികളും ചേർന്ന് രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയത്. തമിഴ് വാരികയായ നക്കീരന്റെ പത്രാധിപർ ആർ ഗോപാലിന്റെ മധ്യസ്ഥതയിൽ എട്ടു തവണയായി നടന്ന ചർച്ചകളെ തുടർന്ന് 108 ദിവസത്തിനു ശേഷമാണ് രാജ്കുമാർ വീരപ്പിന്റെ തടവിൽ നിന്നു മോചിതനായത്. വീരപ്പൻ മുന്നോട്ടുവച്ച ഏതാനും വ്യവസ്ഥകൾ അംഗീകരിച്ചതിനെത്തുടർന്നാണ് രാജ്കുമാറും ഒപ്പം തട്ടിക്കൊണ്ടുപോവപ്പെട്ട മൂന്നുപേരും മോചിതരായത്. പിന്നീട് 2004 ൽ പ്രത്യേക പോലീസ് സംഘത്തിന്റെ വെടിയേറ്റ് വീരപ്പൻ മരിച്ചു. രാജ്കുമാർ 2006 ലും മരിച്ചു. വീരപ്പൻ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ സംഭവം ഇന്ത്യയിൽ വലിയ വാർത്തയായി മാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group