
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് ഷാഫി പറമ്പില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെ യു ഡി എഫ് പ്രവര്‍ത്തകരുടെ വിമര്‍ശനം ശക്തമാകുന്നു. നാല് മണിക്കൂര്‍ മുന്‍പ് പങ്കുവെച്ച പോസ്റ്റിന് കീഴില്‍ ഇതിനോടകം 15000ത്തിലധികം കമന്റുകളാണ് എത്തിയിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം ഷാഫി പറമ്പിലിനെ വിമര്‍ശിക്കുന്ന തരത്തിലുള്ളവയാണ്.
‘കേരളത്തിന്റെ, കോണ്‍ഗ്രസിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങള്‍’ എന്ന കുറിപ്പോടെയാണ് വി ഡി സതീശന്റെ ചിത്രം ഉള്‍പ്പെടുത്തി ഷാഫി പറമ്പില്‍ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിന് പിന്നാലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങളാണ് കമന്റ് ബോക്സില്‍ നിറയുന്നത്. അതേസമയം, കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച ഹൈക്കമാന്‍ഡിന്റെ നിലപാടിനെ പിന്തുണച്ചും നിരവധി പേര് പ്രതികരിക്കുന്നുണ്ട്.






