
തിരുവനന്തപുരം: ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ വി.ഡി സതീശന്‍ കേരളത്തിന്റെ 13ാമത് മുഖ്യമന്ത്രിയായി.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സതീശന് വെല്ലുവിളിയായി ഉണ്ടായിരുന്നത്.
എന്നാല്‍, സംസ്ഥാനത്തെ ജനവികാരം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശനെ തിരഞ്ഞെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, കെഎസ്‌യു പ്രവര്‍ത്തനകാലത്ത് സതീശന്‍ ഉറപ്പിച്ചിരുന്ന പ്രസിഡന്റ് സ്ഥാനം കെ.സി വേണുഗോപാലിന് കിട്ടിയത്.
‘നേരനുഭവങ്ങള്‍, വി.ഡി സതീശന്റെ ജീവിതവും രാഷ്ട്രീയവും’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ‘മാറിപ്പോകുന്ന കെഎസ്‌യു പ്രസിഡന്റ് സ്ഥാനം’ എന്ന അധ്യായത്തിലാണ് ഇക്കാര്യം പറയുന്നത്.
കെ.സി വേണുഗോപാലിനെ മറികടന്ന് വി.ഡി സതീശന്‍ മുഖ്യമന്ത്രി പദം സ്വന്തമാക്കിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഈ പഴയ കെഎസ്‌യു പ്രസിഡന്റ് സ്ഥാനത്തെ കുറിച്ചുള്ള ഓര്‍മ്മകളും പ്രചരിക്കുന്നുണ്ട്.
പുസ്തകത്തിലെ ഭാഗം ഇങ്ങനെ…
മാറിപ്പോകുന്ന കെഎസ്‌യു പ്രസിഡന്റ് സ്ഥാനം
‘ഞാന്‍ മഹാത്മാഗാന്ധി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനായതിനുശേഷം കെഎസ്‌യുവില്‍ ഒരു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നതോര്‍ക്കുന്നു. വര്‍ഷം 1989 ആണെന്നാണ് എന്റെ ഓര്‍മ.
ആദ്യം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ ഞാനായിരുന്നു. കെഎസ്‌യു പ്രസിഡന്റ് സ്ഥാനാര്‍ഥി. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാല്‍, ആ വര്‍ഷം തെരഞ്ഞെടുപ്പു നടന്നില്ല. എന്റെ ദൗര്‍ഭാഗ്യം എന്നു പറഞ്ഞാല്‍ മതിയല്ലോ.
പിന്നെ, കെ.സി വേണുഗോപാല്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തേക്കു വന്നു. അദ്ദേഹം എന്നെക്കാള്‍ സീനിയറായിരുന്നു. മാത്രമല്ല, മുന്‍പ് കെഎസ്‌യു വൈസ് പ്രസിഡന്റും ആയിരുന്നു. ശരത്ചന്ദ്രപ്രസാദിന്റെയൊക്കെ കമ്മിറ്റിയില്‍.
പിന്നീടുള്ള സമയം കെഎസ്‌യു തെരഞ്ഞെടുപ്പു വന്നപ്പോള്‍ ഞാനില്ല…!
കെ.സി വേണുഗോപാല്‍ കെഎസ്‌യുവിന്റെ പ്രസിഡന്റ് ആയി.മുതിര്‍ന്ന നേതാക്കളൊക്കെ എന്നോടു പറഞ്ഞത്, കമ്മിറ്റിയില്‍ ഭാരവാഹിയായിരിക്ക്,
അടുത്ത അവസരത്തില്‍ ആകാമെന്നാണ്…! സമാശ്വസിപ്പിക്കാനുള്ള ഒരു വാചകമായി മാത്രമേ അന്ന് ആ സംസാരത്തെ എനിക്കു കണക്കാക്കാന്‍ കഴിയുമായിരുന്നുള്ളൂ.
അന്നത്തെ ആദ്യത്തെ ഓര്‍ഗനൈസിങ് കമ്മിറ്റിയില്‍ ഞാനുണ്ടായിരുന്നു. യഥാര്‍ഥത്തില്‍, ആറുമാസം ഭാരവാഹി ലിസ്റ്റില്‍ ഞാനുണ്ടായിരുന്നു. ഞാനും ഭാരവാഹിയാകും എന്നുതന്നെയായിരുന്നു മൊത്തത്തിലുണ്ടായ പ്രചാരണം.
എന്നാല്‍, അവസാനത്തെ പ്രഖ്യാപനം വന്നപ്പോള്‍ ഞാന്‍ ഞെട്ടി. എന്റെ പേര് വെട്ടിമാറ്റിയിരിക്കുന്നു…!
സംഘടനയ്ക്കകത്തുണ്ടായ ചര്‍ച്ചകളായിരിക്കാം കാരണം. എന്തായാലും, അതേപ്പറ്റി പരിതപിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനുണ്ടായിരുന്നില്ല.
പിന്നെ എന്നെ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആക്കി. അത് എനിക്ക് വല്ലാത്ത വിഷമം സമ്മാനിച്ച ഒന്നായിരുന്നു. ആ ഓര്‍മ ഒരിക്കലും ഞാന്‍ മറക്കുകയുമില്ല







