
തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ മന്ത്രി വി ശിവൻകുട്ടി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. വി ജോയിയെ തിരിച്ചു കൊണ്ടുവരുന്നതിലാണ് അതൃപ്തി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎൽഎ തന്നെ തുടരാൻ കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ ധാരണയായത്. തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്കും ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇത് ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നാണ് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നത്.
സിപിഐഎമ്മിന്റെ സംസ്ഥാന സമിതി അംഗമായ വി ശിവന്‍കുട്ടി തിരുവനന്തപുരത്തെ എല്ലാ സംഘടനായോഗങ്ങളിലും മുടക്കമില്ലാതെ പങ്കെടുക്കുന്ന നേതാവാണ്. മന്ത്രിയായിരുന്നപ്പോഴടക്കം ഒരു തവണ പോലും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് മാറി നില്‍ക്കുന്ന പതിവ് വി ശിവന്‍കുട്ടിക്കില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി ജോയി തത്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. രാജ്യസഭാംഗമായ എഎ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി. എംഎൽഎമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സിപിഎമ്മിലെ സംഘടനാ രീതി. എന്നാൽ ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കം കാരണമാണ് ജോയിക്ക് ഒഴിയാനാകാത്തത്.






