പതിനഞ്ചു വർഷമായി യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയായി എട്ടാപ്പൻ : ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ ഇലപോലും ചലിക്കില്ലെന്ന് വിദ്യാർത്ഥികൾ

പതിനഞ്ചു വർഷമായി യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയായി എട്ടാപ്പൻ : ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ ഇലപോലും ചലിക്കില്ലെന്ന് വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എന്തിനും പോന്ന സംഘത്തെ ഭരിക്കുന്നതു കഴിഞ്ഞ 15 വർഷമായി ഗവേഷണവിദ്യാർഥിയെന്ന പേരിൽ കാമ്പസിൽ വിലസുന്ന ‘എട്ടപ്പാൻ’. സി.പി.എം. ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഈ മധ്യവയസ്‌കന്റെ അനുമതിയില്ലാതെ കാമ്പസിൽ ഒരു ഇലപോലും ചലിക്കില്ല. പാളയത്തു പോലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവിൽ അഖിലെന്ന വിദ്യാർഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരൻ ഇയാളാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നു.

ഒന്നരപ്പതിറ്റാണ്ടായി എട്ടപ്പാന്റെ അധീനതയിലാണു യൂണിവേഴ്സിറ്റി കോളജ് കാമ്പസും ഹോസ്റ്റലും. ‘ഗവേഷണത്തിനു’ കോളേജ് ലെബ്രറി ഉപയോഗിക്കാനെന്ന പേരിൽ പകൽ കാമ്പസിൽ തമ്പടിക്കുന്ന ഇയാൾ രാത്രി തല ചായ്ക്കാൻ ഹോസ്റ്റലിൽ ചേക്കേറും. എസ്.എഫ്.ഐയിൽ സാമൂഹികവിരുദ്ധശക്തികൾ നുഴഞ്ഞുകയറിയെന്നു പരിതപിക്കുന്ന സി.പി.എം. നേതൃത്വം എട്ടപ്പാന്റെ ലീലാവിലാസങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നുവെന്നും ആരോപണമുണ്ട് .
കാമ്പസിൽ എസ്.എഫ്.ഐക്ക് ഏറെ ചീത്തപ്പേര് സമ്പാദിച്ചുകൊടുത്തതും ഇയാളുടെ പിൻസീറ്റ് ഡ്രൈവിങ്ങാണെന്നാണ് ആരോപണം.ആദർശത്തിന്റെ പേരിൽ എസ്.എഫ്.ഐയിൽ പ്രവർത്തിക്കാനെത്തുന്നവരെ ഇയാൾക്കു താത്പര്യമില്ല. എന്തും ചെയ്യാൻ മടിക്കാത്ത അനുചരൻമാരെ വളർത്തുകയാണു ലക്ഷ്യം. കേരളത്തിലെ എണ്ണം പറഞ്ഞ ഇടതുനേതാക്കളെസംഭാവന ചെയ്ത യൂണിവേഴ്സിറ്റി കോളജിൽനിന്നു കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി പുറത്തുവരുന്നത് ”എട്ടപ്പാന്റെ പിള്ളേരാ”ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഞ്ചിയൂർ മുൻ ഏരിയാ സെക്രട്ടറി അമൽ ഉൾപ്പെടെയുള്ള നേതാക്കളെ തല്ലിയൊതുക്കിയതും അഖിൽ എന്ന വിദ്യാർഥിക്കു കുത്തേറ്റതും എട്ടപ്പാന്റെ ആധിപത്യം പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണ്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്നു വന്ന അഖിലിനു പാർട്ടിയായിരുന്നു എല്ലാം. പാർട്ടി നയങ്ങൾക്കു വിരുദ്ധമായ നടപടികൾ ചോദ്യംചെയ്തതോടെ അഖിൽ എട്ടപ്പാന്റെ കണ്ണിലെ കരടായി.

അഖിൽ വധശ്രമക്കേസിലെ പ്രതികളായ ആർ. ശിവരഞ്ജിത്തും നസീമും അമർ അബിയുമൊക്കെ ഇയാളുടെ ഏറാൻമൂളികളായിരുന്നു. തന്നെ വെല്ലുവിളിച്ച അഖിലിനെ ‘തീർക്കാൻ’ എട്ടപ്പാൻ ഇവരെ ഉപയോഗിക്കുകയായിരുന്നെന്നാണു സൂചന.യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ആർക്കൊക്കെ ഏതൊക്കെ മുറി കൊടുക്കണമെന്നു തീരുമാനിക്കുന്നതും എട്ടപ്പാനാണ്. ഇയാൾക്കു ‘പടി’ കൊടുക്കാത്തവർക്കു ഹോസ്റ്റലിന്റെ പടി ചവിട്ടാനാകില്ല.

പണയം വയ്ക്കാനെന്ന പേരിൽ വിദ്യാർഥിനികളോടു സ്വർണാഭരണങ്ങൾ ഊരിവാങ്ങുന്നതും അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും ഇയാളുടെ ലീലാവിലാസങ്ങളിൽ ഉൾപ്പെടുന്നുവെന്നും മറ്റു വിദ്യാർത്ഥികൾ പറയുന്നു.