കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും ; ആദായനികുതി ഇളവ് പരിധി 75,000 രൂപയാക്കി ഉയര്‍ത്തി; കോര്‍പ്പറേറ്റ് നികുതി കുറച്ചു
സ്വന്തം ലേഖകൻ
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ കൂട്ടി
മാസ ശമ്പളക്കാരുടെ നികുതി ഭാരം കുറയ്ക്കാന്‍ നടപടി. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയില്‍ നിന്ന് 75,000 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ബജറ്റ് നിര്‍ദേശം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ 15 ശതമാനമായിരുന്നു ഇറക്കുമതി തീരുവ. പ്ലാറ്റിനത്തിന് ആറര ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും
മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദേശം. എക്‌സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. ഇവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം.
നളന്ദയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കും
ബീഹാറിലെ നളന്ദയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന് സർക്കാർ പിന്തുണ നൽകുമെന്ന് ധനമന്ത്രി സീതാരാമൻ
വിഷ്ണുപദ് ക്ഷേത്രത്തിലും മഹാബോധി ക്ഷേത്രത്തിലും ഇടനാഴികൾ
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമാനമായി വിഷ്ണുപദ് ക്ഷേത്രത്തിലും മഹാബോധി ക്ഷേത്രത്തിലും ഇടനാഴികൾ വികസിപ്പിക്കും. ഇതിന് വേണ്ട സാമ്പത്തിക പിന്തുണ നൽകുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും
ജോലി ചെയ്യുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി. തൊഴില്‍ശേഷിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണിത്.
മൂലധന ചെലവിനായി 11.11 ലക്ഷം കോടി രൂപ
നടപ്പുസാമ്പത്തികവര്‍ഷം മൂലധനചെലവിനായി 11.11 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി. അടിസ്ഥാന സൗകര്യവികസനത്തിനായി അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
പിഎം ആവാസ് യോജന
പി എം ആവാസ് യോജന പ്രകാരം രണ്ടു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും. നഗര ഭവന പദ്ധതിക്കായി അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 2.2 ലക്ഷം കോടി രൂപ കേന്ദ്രവിഹിതമായി നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു.
മുദ്ര വായ്പാ പരിധി 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി
മുദ്ര യോജന പ്രകാരമുള്ള വായ്പ പരിധി ഇരട്ടിയാക്കുമെന്ന് ധനമന്ത്രി. പത്തുലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായാണ് ഉയര്‍ത്തുക എന്ന് ധനമന്ത്രി അറിയിച്ചു.
സഖ്യകക്ഷികള്‍ക്ക് കൈനിറയെ, ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജ്
ആന്ധ്രാപ്രദേശില്‍ പുതിയ തലസ്ഥാനം വികസിപ്പിക്കുന്നതിന് ബജറ്റില്‍ 15000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഈ വര്‍ഷം 15000 കോടിയുടെ പാക്കേജ് നല്‍കും. അടുത്ത വര്‍ഷങ്ങളിലും സാമ്പത്തിക സഹായം തുടരുമെന്നും ധനമന്ത്രി അറിയിച്ചു. വിവിധ വികസന ഏജന്‍സികളുടെ സഹായത്തോടെ ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്നും ബജറ്റ് പ്രഖ്യാപനം. സഖ്യകക്ഷികളായ ജെഡിയുവിനെയും ടിഡിപിയെയും സന്തോഷിപ്പിക്കുന്ന നടപടിയാണ് ബജറ്റ് പ്രഖ്യാപനം. ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.
പുതിയ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും
പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. തുക പ്രൊവിഡന്റ് ഫണ്ട് വിഹിതമായാണ് ജീവനക്കാര്‍ക്ക് നല്‍കുക. എല്ലാ മേഖലകളിലെയും തൊഴില്‍ ശക്തിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വ്യക്തികള്‍ക്കും വേണ്ടിയാണ് ഈ പദ്ധതി. 210 ലക്ഷം യുവാക്കള്‍ക്ക് ഇത് പ്രയോജനം ചെയ്യുമെന്നും പാര്‍ലമെന്റില്‍ ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.
വിദ്യാഭ്യാസ വായ്പ
ഉന്നത വിദ്യാഭ്യാസത്തിന് പത്തുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നും ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പറഞ്ഞു.