ആദ്യഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം; മുൻഭർത്താവ് അറസ്റ്റിൽ; യുവതിയെ മർദ്ദിക്കുകയും, കുത്തിപരിക്കേല്പിക്കുകയും ചെയ്തുവെന്നും പരാതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആദ്യഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച മുൻഭർത്താവ് അറസ്റ്റിൽ. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തിൽ പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ (36) ആണ് അറസ്റ്റിലായത്. മുൻഭാര്യ പനയറ സ്വദേശിനി രജിതയെ ആക്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.
രജിതയും ഷൈനും ഒമ്പത് വർഷം മുൻപ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകൻ രണ്ടുപേരുടെയും വീട്ടിലായാണ് കഴിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈൻ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാൻ കഴിയാത്തതിനാൽ മകൻ അച്ഛന്റെ വീട്ടിൽ നിന്നും അമ്മയുടെ വീട്ടിലെത്തി. ഇതോടെ ഇനിമുതൽ മകൻ വീട്ടിൽ വരില്ലെന്ന് ധരിച്ച ഷൈൻ മദ്യപിച്ച് രജിതയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും മർദിക്കുകയുമായിരുന്നു. കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈയിൽ ആഴത്തിൽ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. മുറിവിൽ 16 തുന്നലുകൾ വേണ്ടിവന്നു. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന ഷൈനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.