Spread the love

തിരുവനന്തപുരം: പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. കേരളത്തില്‍ ഇഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണെന്നും വി.ഡി. സതീശനും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് ഈ നീക്കമെന്നും എം സ്വരാജ് പറഞ്ഞു. സംഭവത്തിനെതിരെ സാധാരണ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

video
play-sharp-fill

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് അതീവ രഹസ്യമായി ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വാടകവീട്, കണ്ണൂരിലെ പാണ്ട്യാലമുക്കിലെ സ്വന്തം വീട്, മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതി എന്നിവിടങ്ങളിലുൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. പരിശോധനയ്ക്കിടെ പിണറായി വിജയനും മകള്‍ വീണ വിജയനും തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നു.

2017 മുതല്‍ 2020 വരെ സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് വീണ വിജയന്റെയും എക്സാലോജിക് സ്ഥാപനത്തിന്റെയും അക്കൗണ്ടുകളിലേക്ക് 1.72 കോടി രൂപ ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് അടിസ്ഥാനമായത്. സേവനം ലഭിക്കാതെയാണ് തുക കൈമാറിയതെന്നും ഉന്നത ബന്ധത്തിന്റെ പേരിലാണിതെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group