play-sharp-fill
കോട്ടയം ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട 4499 തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കി ; ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണെന്ന് ആരോപണം

കോട്ടയം ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട 4499 തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കി ; ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണെന്ന് ആരോപണം

കോട്ടയം : തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട 4499 തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കി.

വര്‍ഷങ്ങളായി ജോലിക്ക് അപേക്ഷിക്കാതിരിക്കുന്നവര്‍, മരിച്ചവര്‍, താമസം മാറിയവര്‍ എന്നിവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. അതേസമയം നടപടി വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിട്ടുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെയാണ് തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതെന്ന് എന്നാണ് ഉയരുന്ന ആക്ഷേപം.

കാര്‍ഡ് ഉടമ ജീവിച്ചിരിക്കുകയാണെങ്കില്‍ നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമേ തൊഴില്‍ കാര്‍ഡ് റദ്ദാക്കാന്‍ പാടുള്ളു എന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ പലരെയും പുറത്താക്കിയെന്നാണ് ആരോപണം. തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായിരുന്നവരും ഒഴിവാക്കപ്പെട്ടവരിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയെടുക്കുന്ന കുടുംബങ്ങള്‍ക്ക് ഓണക്കാലത്ത് നല്‍കുന്ന 1000 രൂപ ബോണസ് നല്‍കാതിരിക്കാനാണ് ധൃതി പിടിച്ച്‌ കാര്‍ഡുകള്‍ റദ്ദാക്കുന്നത് എന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍വര്‍ഷം 100 ദിനങ്ങള്‍ ജോലി ചെയ്തിട്ടുള്ളവരും നിലവില്‍ തൊഴില്‍ കാര്‍ഡുള്ളവരും ഓണക്കാലത്തെ 1000 രൂപ ബോണസിന് അര്‍ഹരാണ്. ഇത്തരത്തില്‍ പുറത്തായവരില്‍ ചിലര്‍ തൊഴിലുറപ്പ് ഓംബുഡ്മാന് പരാതി നല്‍കിയിട്ടുണ്ട്. ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടാതാകുമ്ബോള്‍ പഞ്ചായത്തിലെത്തി അന്വേഷിക്കുമ്ബോഴാണ് കാര്‍ഡ് റദ്ദായതായി അറിയുന്നത് എന്ന് തൊഴിലാളികള്‍ പറയുന്നു.

സാങ്കേതിക തകരാറാണ് എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഉടന്‍ പുതിയ കാര്‍ഡ് നല്‍കാന്‍ തുടങ്ങും. പുതിയ കാര്‍ഡില്‍ പുതിയ രജിസ്‌ട്രേഷനാണ് വരിക. ഇതോടെ ഓണക്കാലത്തെ ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടും. അതേസമയം പദ്ധതിക്ക് കീഴിലുള്ള ചില ജോലിക്ക് സ്ഥല ഉടമയും തൊഴില്‍ കാര്‍ഡുകള്‍ എടുക്കണം. ഇവര്‍ തൊഴില്‍ ലക്ഷ്യമിട്ടല്ല കാര്‍ഡ് എടുത്തിട്ടുള്ളത്.

ഇത്തരത്തില്‍ സജീവമല്ലാത്തവരെയാണ് ഒഴിവാക്കുന്നത് എന്നാണ് തൊഴിലുറപ്പ് പദ്ധതി അധികൃതര്‍ പറയുന്നത്. നിലവില്‍ ജോലിയെടുക്കുന്നവരുടെ കാര്‍ഡ് റദ്ദാക്കില്ല എന്നും സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം അവസാനം മുതലാണ് തൊഴില്‍ കാര്‍ഡുകള്‍ വ്യാപകമായി റദ്ദാക്കാന്‍ തുടങ്ങിയത്. നിലവില്‍ 346 രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം.കഴിഞ്ഞ ബജറ്റിലാണ് ഇത് 13 രൂപ വര്‍ധിപ്പിച്ചത്. എന്നാല്‍ ഇത് ഇപ്പോഴും കുടിശ്ശികയാണ്. ഓരോ വര്‍ഷവും തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന തുകയും കുറയുകയാണ്. സംസ്ഥാനത്ത് മൊത്തം 20,13,003 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത് എന്നാണ് വിവരം.