
തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരിക്കേസുകളിൽ സ്ഥിരം കുറ്റവാളികളായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസിന് നിർദേശം നൽകി. വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നവരെ കരുതൽ തടങ്കലിലാക്കാനും തീരുമാനിച്ചു.
സ്കൂൾ പരിസരങ്ങളിൽ പൊലീസ് സാന്നിധ്യം ശക്തമാക്കുമെന്നും ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും പരിശോധന നടത്താൻ മുൻകൂർ അനുമതി ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവട ശൃംഖല തകർക്കുന്നതിനായി അയൽ സംസ്ഥാനങ്ങളിലെ വിതരണക്കാരെ കണ്ടെത്തി പിടികൂടാൻ മറ്റ് സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുമായി സഹകരണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ലഹരി വിൽപ്പന തടയാൻ സൈബർ പട്രോളിംഗും വ്യാപിപ്പിക്കും.
കുട്ടികളെ ലഹരിക്ക് അടിമകളാക്കുന്ന കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ പിടിയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുകയാണ് ദൗത്യമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







