Thursday, April 23, 2026

അടിച്ച് മൂത്ത യുവാവ് സ്കൂട്ടർ യാത്രികയെ ആക്രമിച്ചു: കള്ള് മൂത്ത് സ്‌കൂട്ടറില്‍ നിന്ന് വലിച്ചു താഴെയിട്ടതിന് പിന്നാലെ കൈയും പിടിച്ചു തിരിച്ചു; യുവതിയുടെ താടിയെല്ലിനും, തോളെല്ലിനും പരിക്ക്; യുവാവിനെ പൊക്കി തിരുവല്ലാ പൊലീസ്

Spread the love

 

തിരുവല്ല: ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച യുവതിക്കുനേരേ മദ്യലഹരിയിലായിരുന്ന യുവാവിന്റെ അതിക്രമം. വേങ്ങല്‍ സ്വദേശിനിയായ യുവതിയുടെ സഹോദരിയെ റെയില്‍വേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് ആക്രമിച്ചത്. 25-കാരിയൊണ് മദ്യലഹരിയിലായിരുന്ന യുവാവ് വാഹനത്തില്‍നിന്ന് വലിച്ചുതാഴെയിട്ടത്. വീഴ്ചയില്‍ യുവതിയുടെ താടിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

 

ആക്രമണം നടത്തിയ തിരുവല്ല സ്വദേശി ജോജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ച ജോജോ, ഇവിടെനിന്ന് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടർ യാത്രക്കാരിയെ മുടിയില്‍ പിടിച്ച്‌ വലിച്ച്‌ താഴെയിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരും പൊലീസുമാണ് യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

അതേസമയം, ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി തിരികെകൊണ്ടുപോകുന്നതിനിടെ പ്രതിക്ക് നേരേയും ആക്രമണമുണ്ടായി. പരിക്കേറ്റ 25-കാരിയുടെ ബന്ധുക്കളാണ് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ മർദിച്ചത്. പൊലീസ് ജീപ്പിനുള്ളിലായിരുന്ന ജോജോയെ വാഹനത്തിന്റെ വാതില്‍തുറന്ന് മർദിക്കുകയായിരുന്നു. പ്രതിക്കുനേരേ യുവതികള്‍ ചെരിപ്പ് വലിച്ചെറിയുകയുംചെയ്തു. തുടർന്ന് പൊലീസ് ബലംപ്രയോഗിച്ചാണ് ഇവരെ മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യുവതിയെ ആക്രമിക്കുന്നതിന് തൊട്ടുമുൻപ് ജോജോ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് ജോജോയുടെ വീട്ടില്‍ മോഷണം നടന്നിരുന്നു. എന്നാല്‍, ഈ കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിരുന്നില്ല. ഇത് ചോദ്യം ചെയ്യാനായാണ് ജോജോ പൊലീസ് സ്റ്റേഷനിലെത്തിയത്. തുടർന്ന് ബഹളംവെച്ച ജോജോയെ പൊലീസുകാർ മടക്കി അയച്ചതിന് പിന്നാലെയാണ് ഇയാള്‍ സ്‌കൂട്ടർ യാത്രക്കാരിയെ ആക്രമിച്ചത്.

 

സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞു നിർത്തി സ്‌കൂട്ടറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോള്‍ കൈ പിടിച്ചു തിരിച്ചു. താക്കോല്‍ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടർന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും യുവതി പ്രതികരിച്ചു. ജോജോക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.