Spread the love

കൊച്ചി: കുന്നത്തുനാട് എംഎല്‍എയായി വി പി സജീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുന്‍ എംഎല്‍എ പി വി ശ്രീനിജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പാരിയത്ത്കാവ് ഉന്നതിയിലെ ദളിത് സമൂഹത്തിന് നേരെയുണ്ടായ കുടിയൊഴിപ്പിക്കല്‍ നടപടിയെ വിമര്‍ശിച്ചാണ് ശ്രീനിജിന്‍റെ പ്രതികരണം. “ദളിത് സമൂഹത്തിന്റെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ടാണ് കുന്നത്തുനാട് എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തത്” എന്നാണ് ശ്രീനിജിന്‍റെ ആരോപണം. മെയ് 23ന് അഭിഭാഷക കമ്മീഷന്‍ വീണ്ടും കുടിയൊഴിപ്പിക്കാനെത്തുമെന്നും പുതിയ എംഎല്‍എ നേരിട്ട് എത്തി അതിനെ തടയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കുറിച്ചു.

video
play-sharp-fill

അതേസമയം, പാരിയത്ത്കാവ് ഉന്നതിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 50ഓളം പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനായി പൊലീസ് സംഘവും അഭിഭാഷക കമ്മീഷനും സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. പ്രതിഷേധം ശക്തമായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് നടപടി താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

ഏകദേശം 60 വര്‍ഷമായി തുടരുന്ന ഭൂമിതര്‍ക്കമാണ് പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍. ആകെ 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയിലെ 2.65 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ഭൂമി അളന്ന് തിരിച്ചറിയണമെന്ന സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നടപടികള്‍ പുരോഗമിച്ചിരുന്നത്. 2023 മുതല്‍ പലതവണ ഒഴിപ്പിക്കല്‍ ശ്രമം നടന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group