
കോട്ടയം: കാത്തിരിപ്പിനൊടുവില്‍ തിരുനക്കര ബസ് സ്‌റ്റാന്‍ഡിലെ വ്യാപാരികള്‍ക്ക് താത്‌കാലിക കടകള്‍ ഒരുങ്ങുന്നു.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്വന്തം നിലയില്‍ ഷെഡ്‌ഡുകള്‍ പണിയാന്‍ നഗരസഭ അനുമതി നല്‍കുകയായിരുന്നു. മൂന്നു വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പിനൊടുവിലാണു വ്യാപാരികള്‍ക്ക് ആശ്വാസമായ തീരുമാനമുണ്ടായത്.
പിന്നാലെ ജോലികള്‍ ആരംഭിക്കുകയും ചെയ്‌തു. പൊളിച്ചുനീക്കിയ കെട്ടിടത്തിലുണ്ടായിരുന്ന 36 വ്യാപാരികള്‍ക്കാണു തീരുമാനം ആശ്വാസമായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടാവസ്‌ഥയിലാണെന്നും പൊളിച്ചുനീക്കണമെന്നുമുള്ള ഹൈക്കോടതി വിധിയെത്തുടര്‍ന്നാണു ഷോപ്പിങ്ങ് പൊളിച്ചത്. 2023 സെപ്‌റ്റംബര്‍ 14നാണ് പൊളിക്കല്‍ ആരംഭിച്ചതെങ്കിലും ഒരു വര്‍ഷം മുമ്പേ വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നു നഗരസഭ അറിയിച്ചിരുന്നുവെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുക കൂടി ചെയ്‌തതോടെ വ്യാപാരികള്‍ ദുരിതത്തിലായി.
തുടര്‍ന്നു വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ ഇവിടെയുണ്ടായിരുന്ന വ്യാപാരികള്‍ക്കു സ്വന്തം നിലയില്‍ താത്‌കാലിക ഷെഡുകള്‍ നിര്‍മിച്ചു വ്യാപാരം തുടരാന്‍ നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കി. പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കുന്നതുവരെയാകും താത്‌കാലിക ഷെഡുകള്‍ക്ക് അനുമതി.
ഓരോ വ്യാപാരിക്കും രണ്ടു മീറ്റര്‍ വീതിയുള്ള താത്‌കാലിക സൗകര്യമാണ് അനുവദിക്കുക. പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കുമ്പോള്‍ വ്യാപാരികള്‍ സ്വന്തം ചെലവില്‍ ഷെഡുകള്‍ പൊളിച്ചു നീക്കണം. കച്ചവടം മറ്റാര്‍ക്കെങ്കിലും കൈമാറാനോ വാടയ്‌ക്കു നല്‍കാനോ പാടില്ലെന്ന നിര്‍ദേശത്തോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
താത്‌കാലിക ഷെഡുകളുടെ നിര്‍മാണം വ്യാപാരികള്‍ ആരംഭിച്ചു. ഷെഡുകള്‍ നിര്‍മിച്ച് ഷട്ടര്‍ സ്‌ഥാപിച്ചു വ്യാപാരം ആരംഭിക്കാവുന്ന രീതിയില്‍ എത്തിക്കുന്നതിന് ഒരാള്‍ക്ക് ഏകദേശം ഒരു ലക്ഷം രൂപ ചെലവു വരുമെന്നാണു വ്യാപാരികളുടെ കണക്ക്.







