ഭൂമി കുലുക്കുന്ന അണുവിസ്‌ഫോടനം: ഒരു പർവതം തകർക്കാൻ ശേഷി

സ്വന്തം ലേഖകൻ

സോൾ: ലോകത്തെ മുഴുവൻ ഒരുഞൊടിയിൽ തകർക്കാൻ ശേഷിയുള്ള അണുബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ. കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു വർഷം മുൻപ് നടത്തിയ വലിയ വിസ്‌ഫോടനത്തിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതോടെ ലോകത്തെ തന്നെ വിറപ്പിക്കാനുള്ള ശേഷി വീണ്ടും ഒന്നുകൂടി ഊട്ടിഉറപ്പിച്ചിരിക്കുകയാണ് കിം ജോങ് ഉൻ.
2017 സെപ്റ്റംബർ മൂന്നിന് ഉത്തരകൊറിയ അവസാനമായി നടത്തിയ അണുബോംബിനു ശക്തി ഒരു പർവതത്തെ മുഴുവനായി ചലിപ്പിക്കുവാൻ കഴിയുന്നതായിരുന്നുവെന്നാണ് ആ ആണവപരീക്ഷണമെന്നാണ് പുതിയ കണ്ടെത്തൽ. അണുബോംബ് പരീക്ഷണത്തെത്തുടർന്ന് ഉത്തരകൊറിയൻ രഹസ്യ ആണവപരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന മാൻടാപ് പർവ്വതത്തിന് സ്ഥാനചലനമുണ്ടായെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ വിശകലനം ചെയ്ത ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
രണ്ട് ആണവസ്ഫോടനങ്ങളാണ് 2017 സെപ്റ്റംബറിൽ ഉത്തരകൊറിയ നടത്തിയത്. സമീപരാജ്യങ്ങളിലെ ഭൂകമ്പമാപിനികളിൽ രണ്ട് ഭൂചലനങ്ങൾ രേഖപ്പെടുത്തിയതോടെയാണ് ഉത്തരകൊറിയ ആണവസ്ഫോടനം നടത്തിയെന്ന സൂചന ലോകരാജ്യങ്ങൾക്ക് ലഭിച്ചത്. ആദ്യത്തെ ചലനം 6.3 തീവ്രതയും രണ്ടാമത്തേത് 4.1 തീവ്രതയുമാണ് രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ തീവ്രത അനുസരിച്ച് 120 കിലോടൺ മുതൽ 304 കിലോടൺ വരെ ശക്തിയുള്ള സ്ഫോടനമാണ് ഉത്തരകൊറിയ നടത്തിയതെന്നാണ് കണക്കാക്കുന്നത്. അമേരിക്ക നാഗസാക്കിയിൽ ഇട്ട അണുബോംബിന്റെ പത്തിരട്ടിയിലേറെ പ്രഹരശേഷിയുള്ളതാകും ഈ സ്ഫോടനമെന്നും കണക്കാക്കപ്പെടുന്നു. സ്ഫോടനത്തെ തുടർന്ന് മാൻടാപ് പർവ്വതം 11.5 അടി തെക്കോട്ട് നീങ്ങിയെന്നാണ് കണക്കാക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ പർവതത്തിന്റെ വലിപ്പം 1.6 അടിയോളം കുറഞ്ഞതായും കണക്കാക്കുന്നു. ഉത്തരകൊറിയയുടെ ആറാമത്തെ ആണവപരീക്ഷണമായിരുന്നു അത്. ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലുതും. അണുപരീക്ഷണ കേന്ദ്രമായ പങ്യേ റിയിൽ മാൻടാപ് പർവതത്തിന് സമീപം വലിയ ടണലിലായിരുന്ന പരീക്ഷണം നടത്തിയത്.
ഹൈഡ്രജൻ ബോംബാണ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിംഗ് ജോംഗ് ഉൻ അന്ന് അവകാശപ്പെട്ടിരുന്നു. അമേരിക്ക നാഗസാക്കിയിൽ ഇട്ട അണുബോംബിന്റെ പത്തിരട്ടിയിലേറെ പ്രഹരശേഷിയുള്ളതാകും ഈ സ്ഫോടനമെന്നും കണക്കാക്കപ്പെടുന്നു. ഇത്തരത്തിലുള്ള വൻ സ്ഫോടനങ്ങൾ താങ്ങാനുള്ള ശേഷി മാൻടാപ് പർവ്വതത്തിനില്ലെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഉത്തരകൊറിയ ഇനിയും ആണവപരീക്ഷണം ഇവിടെ നടത്തിയാൽ പർവ്വതം തന്നെ തകർന്നുവീഴാനുള്ള സാധ്യതയും ഏറെയാണ്.