Spread the love

കൊച്ചി: ‘അമ്മ’യില്‍ നിന്നുള്ള രാജി പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് പദവിയില്‍ തിരിച്ചെത്താന്‍ സജീവ നീക്കവുമായി ശ്വേത മേനോനും സംഘവും നീക്കം തുടങ്ങി.
കണക്ക് ശരിയാക്കി അവതരിപ്പിക്കാനുള്ള അവസരം വേണമെന്ന് ആവശ്യപ്പെട്ട് ശ്വേത അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ആയ രമേഷ് പിഷാരടിയെ വിളിച്ചു. എന്നാല്‍ ശ്വേതയുടെ ആവശ്യം പിഷാരടി നിരസിച്ചു.

video
play-sharp-fill

ആരോപണ വിധേയരായ ആളുകള്‍ക്ക് ഇനിയും കണക്ക് ശരിയാക്കാന്‍ അവസരം നല്‍കാനാകില്ലെന്ന് പിഷാരടി വ്യക്തമാക്കി. പൊതുമാധ്യമങ്ങളില്‍ വന്ന് രാജിപ്രഖ്യാപനം നടത്തിയ ആളുകള്‍ക്ക് വീണ്ടും വന്ന് കണക്ക് ശരിയാക്കാന്‍ അവസരം കൊടുത്താല്‍ അത് പൊതുസമൂഹം അംഗീകരിക്കില്ല. സ്ത്രീകള്‍ക്ക് മിണ്ടാന്‍ അവസരമില്ലാത്ത സ്ഥലമായി അമ്മ മാറിയെന്നും മറ്റുമുള്ള ശ്വേതയുടെ പരാതിയെ പിഷാരടി മുഖവിലക്കെടുത്തില്ല. സ്ത്രീകളെ സമ്പൂര്‍ണമായി ഭരണം ഏല്‍പ്പിച്ചപ്പോള്‍ അവര്‍ തന്നെ ഉണ്ടാക്കിയ കുഴപ്പങ്ങളല്ലേ എല്ലാം എന്ന് പിഷാരടി ചോദിക്കുമ്പോള്‍ ശ്വേതക്ക് ഉത്തരമൊന്നും ഇല്ല.

ഞങ്ങള്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം തരില്ലേ എന്ന് ശ്വേത ചോദിക്കുമ്പോള്‍, നിങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിങ്ങള്‍ തന്നെ അന്വേഷിച്ച്‌ തെളിയിക്കാമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് പിഷാരടി പ്രതികരിക്കുന്നു.
അഡ്‌ഹോക്ക് കമ്മിറ്റി ചേരുമ്പോള്‍ കൃത്യമായി കണക്ക് അവിടെ അവതരിപ്പിച്ചാല്‍ മതിയെന്ന് പിഷാരടി പറയുമ്പോള്‍, അഡ്‌ഹോക് കമ്മിറ്റിയിലെ പലരെയും വിശ്വാസമില്ലെന്നാണ് ശ്വേതയുടെ മറുപടി. നിങ്ങള്‍ പത്ത് പൈസ പോലും കട്ടിട്ടില്ലെങ്കില്‍ അത് തെളിയിക്കാന്‍ നിസ്സാരമല്ലേയെന്ന് ചോദിക്കുമ്പോഴും ശ്വേതക്ക് ഉത്തരമൊന്നുമില്ല. ദിലീപിനെ കോടതി വെറുതെവിട്ടിട്ടും ജനം സമ്മതിക്കാത്ത നാടാണിത്, അതുകൊണ്ട് ‘അമ്മ’യുടെ കമ്മിറ്റിയിലേക്ക് തിരിച്ച്‌ വന്ന് കണക്ക് ശരിയാക്കാന്‍ അവസരം തന്നാല്‍ കള്ളക്കണക്ക് ഉണ്ടാക്കാന്‍ അവസരം കൊടുത്തുവെന്നേ ആ ജനം പറയൂവെന്നും പിഷാരടി വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിനി ടോമും അന്‍സിബയുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ താന്‍ ശ്രമിച്ചുവെന്ന് പിഷാരടി ഫോണ്‍ സംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്. ടിനി ടോമിന്റെ ഭാര്യ വിളിച്ച്‌ കരഞ്ഞ് പറഞ്ഞതുകൊണ്ടാണ് താന്‍ ഇടപെട്ടത്. താന്‍ ആവശ്യപ്പെട്ടത് പ്രകാരം പ്രശ്‌നം അവസാനിപ്പിക്കാന്‍ അന്‍സിബ തയ്യാറായിരുന്നു. ഇനി മേലാല്‍ ടിനിക്കെതിരെ ഒന്നും പറയില്ലെന്ന് അന്‍സിബ എഴുതിത്തരണമെന്ന വിചിത്രമായ നിര്‍ദേശം ടിനിയുടെ അഭിഭാഷകന്‍ മുന്നോട്ട് വെച്ചതോടെയാണ് പരിഹാരശ്രമം പാളിയതെന്നും പിഷാരടി പറയുന്നു.

അതേസമയം, താരസംഘടന അമ്മയില്‍ തർക്കം രൂക്ഷമായതിന് പിന്നാലെ വാർത്തസമ്മേളനം വിളിച്ച്‌ അമ്മയിലെ ഒരു വിഭാഗം നടിമാർ. നാളെ രാവിലെ 10:30 ന് കൊച്ചിയിലാണ് വാർത്താ സമ്മേളനം.അൻസിബ, മാലാ പാർവതി, ഉഷ ഹസീന തുടങ്ങിയവരാണ് വാർത്തസമ്മേളനത്തില്‍ പങ്കെടുക്കുക.