Crime
താന്നിക്കപ്പടിയിൽ കഞ്ചാവ്മൂത്ത യുവാവിന്റെ അക്രമണം ;  കടകൾക്കും വാഹനങ്ങൾക്കും  നേരെ കല്ലേറ് ,കെ കെ റോഡിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

താന്നിക്കപ്പടിയിൽ കഞ്ചാവ്മൂത്ത യുവാവിന്റെ അക്രമണം ; കടകൾക്കും വാഹനങ്ങൾക്കും നേരെ കല്ലേറ് ,കെ കെ റോഡിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

തേർഡ് ഐ ബ്യൂറോ

കോട്ടയം : കഞ്ചാവിന്റെ ലഹരിയിൽ കല്ലും ഇഷ്ടികയുമായി നടുറോഡിൽ യുവാവ് അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.കെ കെ റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയ യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കി. ചൊവ്വാഴ്ച രാവിലെ കെ കെ റോഡിൽ വടവാതൂർ താന്നിക്കപ്പടിക്ക് സമീപമായിരുന്നു അക്രമം. ആനത്താനം സ്വദേശിയായ യുവാവ് വർഷങ്ങളായി കഞ്ചാവിന് അടിമയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10.45 ഓടെ താന്നിക്കപ്പടി ഭാഗത്തെത്തിയ യുവാവ് പ്രകോപനമൊന്നുമില്ലാതെ അക്രമാശക്തനാകുകയായിരുന്നു. കൈയിൽ കരുതിയ കല്ലും റോഡിൽ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഇഷ്ടികയും ഇയാൾ റോഡരികിലെ കടകൾക്ക് നേരെ വലിച്ചെറിഞ്ഞു.കല്ലുകൾ ചെന്നു പതിച്ചത് ഇതുവഴി കടന്നുപോയ വാഹനങ്ങളിലാണ്. വാഹനയാത്രക്കാർ ക്ഷുപിതരായതോടെ യുവാവ് റോഡിന് നടുവിലേക്കിറങ്ങി നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമം തടയാനെത്തിയവർക്ക് നേരെ കല്ലും കട്ടയും വലിച്ചെറിഞ്ഞു. പലരും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. യുവാവിന്റെ അക്രമത്തെ തുടർന്ന് കെ കെ റോഡിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇരുവശത്തേക്കുള്ള വാഹനങ്ങളുടെ നിര നീണ്ടു.യുവാവിന്റെ അക്രമം നിയന്ത്രണവിധേയമാകാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ അറിയിച്ചു.പൊലീസ് സ്ഥലത്തെത്തി ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു.എന്നാൽ ഇതുവരെ സംഭവത്തിൽ കേസെടുത്തില്ല. രണ്ടാഴ്ച മുൻപ് കളത്തിപ്പടി ഭാഗത്ത് കഞ്ചാവിന് അടിമയായ യുവാവ് അക്രമം സൃഷ്ടിച്ചിരുന്നു.ബൈക്ക് യാത്രക്കാരെ കല്ലെറിയുകയും തടയാനെത്തിയവരെ ആക്രമിക്കുകയുമാണ് അന്ന് ചെയ്തത്.ഈ യുവാവിന് മാനസിക രോഗമാണെന്ന് അറിയിച്ച് പൊലീസ് ഇയാളെ ആശുപത്രിയിൽ എത്തിക്കുകയുമാണ് ചെയ്തത്. തിരുവാതുക്കലിൽ കഞ്ചാവ് മാഫിയ സംഘം വീട് കേറി ആക്രമണം നടത്തിയതിന് പിന്നാലെ കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു.എന്നാൽ കഞ്ചാവിന്റെ ലഹരിയിലുള്ള അക്രമികൾ ജില്ലയിൽ ഇപ്പോഴും തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ ഉണ്ടായ സംഭവവികാസങ്ങൾ.