
ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടമ്മമാർക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയുടെ ഈ മാസത്തെ വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിത്തുടങ്ങി. പദ്ധതിയുടെ ഭാഗമായി 1000 രൂപ വീതമാണ് ഇന്ന് രാവിലെ മുതൽ അക്കൗണ്ടുകളിൽ ലഭിച്ചത്. പദ്ധതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായും സൂചനയുണ്ട്. 60 വയസ്സിന് മുകളിലുള്ളവരെ വാർദ്ധക്യപെൻഷൻ പദ്ധതിയിലേക്ക് മാറ്റി പ്രതിമാസം 1500 രൂപ നൽകുന്നതാണ് പരിഗണനയിൽ ഉള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് 2500 രൂപ നൽകുമെന്നായിരുന്നു വിജയ് സർക്കാരിന്റെ വാഗ്ദാനം.
ഇതിനിടെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ലഭിക്കുന്ന ക്ഷാമബത്ത 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയതായും സർക്കാർ ഉത്തരവിറക്കി. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഏകദേശം 16 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
തീരുമാനം നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1230 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധനവിന് പിന്നാലെ സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം മുൻനിർത്തിയാണ് തമിഴ്നാട് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







