
കോട്ടയം: “അവസാനം ചിരട്ടയെടുക്കേണ്ടിവരും” എന്ന പഴമൊഴിക്കിവിടെ വലിയ വില കൊടുക്കേണ്ടിവരും. ചിരട്ടയുടെ വിലയില്‍ രണ്ടു വര്‍ഷം കൊണ്ടുണ്ടായത് മൂന്നു മടങ്ങ് വര്‍ധന. ഒരു കിലോ ചിരട്ടക്ക് 32 മുതല്‍ 35 രൂപവരെ നല്കി എടുക്കാന്‍ ആളുണ്ട് ഇപ്പോള്‍.
രണ്ടു വര്‍ഷം മുമ്പ് 10 മുതല്‍ 15 രൂപവരെയായിരുന്നു ഒരു കിലോ ചിരട്ടയുടെ വില. അതില്‍ നിന്നാണ് ഇപ്പോള്‍ ഇത്രയും കൂടിയത്. നല്ല വില നല്കി ചിരട്ട വാങ്ങാന്‍ ആളുണ്ടായതോടെ തേങ്ങയെടുത്തശേഷം ചിരട്ട ഉപേക്ഷിക്കുന്ന പതിവും കുറഞ്ഞു.
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള മൊത്തക്കച്ചവടക്കാരാണ് കേരളത്തിലെ ചെറുകിട കച്ചവടക്കാരില്‍ നിന്ന് ചിരട്ട ശേഖഖരിക്കുന്നത്. പാഴ്വസ്തുക്കള് ശേഖരിക്കുന്നവര്‍ക്ക് കടലാസ്, പ്ലാസ്റ്റിക്, ഇരുമ്പ് എന്നിവയേക്കാള്‍ ഇപ്പോള്‍ പ്രിയം ചിരട്ടയാണ്. വിപണിയിലെ ആവശ്യകതയും വ്യാവസായിക മേഖലകളിലെ ഉപയോഗവും കൂടിയതാണ് ചിരട്ടവിലയിലുള്ള കുതിച്ചുകയറ്റത്തിനു കാരണം. ആക്രി ശേഖരിക്കുന്നവര്‍ക്കു പുറമെ ചിലയിടത്ത് ഹോട്ടലുകള്‍, ബേക്കറികള്‍, കരകൗശല നിര്‍മാണ യൂണിറ്റുകള്‍ എന്നിവ നേരിട്ട് ചിരട്ട വാങ്ങുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിരട്ടക്കരിക്ക് വലിയ ആവശ്യകത
ചിരട്ടക്കരി തയാറാക്കാനാണ് ചിരട്ട പ്രധാനമായും ഉപയോഗിക്കുന്നത്. ജല ശുദ്ധീകരണികളില്‍ ഉപയോഗിക്കുന്ന ആക്ടിവേറ്റഡ് കാര്‍ബണ്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു ചിരട്ടയാണ്. പ്ലൈവുഡ് വ്യവസായം, സ്വര്‍ണപ്പണി എന്നിവയിലും സൗന്ദര്യവര്‍ധക വസ്തുക്കള്‍, ജൈവവളം, ചന്ദനത്തിരി, കരകൗശല വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിലും ഉപയോഗിക്കുന്നു.
പാചകവാതകത്തിനു ബദലായി ചെറുകിട ഭക്ഷണശാലകള്‍ ഇപ്പോള്‍ വിറകും ചിരട്ടയും ഉപയോഗിക്കുന്നു. ഏറെനേരം കത്തുന്ന ഇന്ധനമായി ഉപയോഗിക്കാമെന്നതും തീയും ചൂടും കൂടുതല്‍ നേരം നിലനിര്‍ത്താന്‍ കഴിയുമെന്നതും ചിരട്ടയുടെ പ്രിയം കൂട്ടുന്നു മുമ്പ് അടുപ്പിലോ മാലിന്യക്കുഴിയിലോ കത്തിച്ചു കളഞ്ഞിരുന്ന ചിരട്ട ഇന്ന് കുടുംബങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗമാവുകയാണ്. വീടുകളില്‍ നിന്നും തേങ്ങ ഉത്പന്ന നിര്‍മാണ യൂണിറ്റുകളില്‍ നിന്നും വന്‍തോതില്‍ ചിരട്ട ശേഖരിക്കുന്ന ചെറുകിടക്കാര്‍ ഏറെയാണ്. ഇവര്‍ പ്രധാന കച്ചവടക്കാര്‍ക്കു വിറ്റ് ഏറെ ലാഭം ഉണ്ടാക്കുന്നു.
പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ക്കും ഇത്തരം കരകൗശല വസ്തുക്കള്‍ക്കും ലോകവ്യാപകമായി പ്രിയം കൂടുന്നതിനാല്‍ ചിരട്ടയുടെ ആവശ്യകതയും വിപണിയും ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.







