കള്ളവോട്ടിന് കൂട്ട് നിന്നാല്‍ കര്‍ശന നടപടി; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷരായിരിക്കണം; നിര്‍ദ്ദേശങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കള്ള വോട്ടിന് കൂട്ട് നിന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. തന്നെയുമല്ല, ഉദ്യോഗസ്ഥര്‍ നൂറ് ശതമാനം നിഷ്പക്ഷരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകണം. മറ്റാരും വോട്ടര്‍മാരുടെ വീട്ടില്‍ കയറാന്‍ പാടില്ല. പോകുന്ന കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും അറിയിക്കണം. നിര്‍ദ്ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കി.