
തിരുവനന്തപുരം: ചിലപ്രദേശങ്ങളിൽ പ്രചാരണത്തിനിടെ എൽഡിഎഫ് പ്രവർത്തകർ സ്ത്രീസുരക്ഷാപദ്ധതിയിൽ ചേരാനുള്ള അപേക്ഷാഫോം വിതരണം ചെയ്യുന്നതായി തിരഞ്ഞെടുപ്പു കമ്മിഷനും നിരീക്ഷണസെല്ലുകൾക്കും പരാതിലഭിച്ചു.
എന്നാൽ സ്ത്രീകൾക്ക് മാസം 1000 രൂപവീതം പെൻഷൻ നൽകുന്ന പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോം ഇനിയും സർക്കാർ അംഗീകരിച്ച് പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് കമ്മിഷൻ വിശദീകരണം തേടിയപ്പോൾ, അപേക്ഷാഫോം അംഗീകരിക്കുന്നതിനുള്ള നടപടികളിലാണെന്നും വൈകാതെ പ്രസിദ്ധീകരിക്കുമെന്നുമാണ് ധനവകുപ്പ് നൽകിയ മറുപടി.
തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സർക്കാർ സ്ത്രീസുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപുതന്നെ ഇതിന്റെ ഉത്തരവ് ഇറക്കിയിരുന്നു. വോട്ടെടുപ്പിന് മുൻപുതന്നെ പെൻഷൻ നൽകിത്തുടങ്ങാനാണ് സർക്കാർ ശ്രമമെങ്കിലും ഇതിനുള്ള ഔദ്യോഗിക സംവിധാനം ഇനിയും പൂർത്തിയായിട്ടില്ലെന്നിരിക്കേ അത് പ്രായോഗികമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group







