സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം….! ആതിരപ്പിള്ളിയില്‍ ആണവ വൈദ്യുതനിലയത്തിന് നീക്കം; ആദ്യഘട്ട ചർച്ചകള്‍ പൂർത്തിയായി; കേരളം ശ്രമിക്കുന്നത് രണ്ട് ആണവ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാൻ
തിരുവനന്തപുരം: കേരളത്തില്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള ചർച്ചകള്‍ ഊർജ്ജിതമെന്ന് റിപ്പോർട്ട്.
ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും എന്നതിനാലാണ് കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്.
കേരളത്തിലെ ആണവ വൈദ്യുതനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ചകള്‍ പൂർത്തിയായി എന്നാണ് റിപ്പോർട്ടുകള്‍.
കഴിഞ്ഞ പതിനഞ്ചിന് മുംബൈയിലായിരുന്നു കേരളത്തിലെ ആണവനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ച. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്‌ഇബി ചെയർമാനും സംഘവുമാണ് ചർച്ച നടത്തിയത്. ബിജു പ്രഭാകറും രണ്ട് ഡയറക്ടർമാരുമാണു മുംബൈയില്‍ ആദ്യഘട്ട ചർച്ച നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ഘട്ടത്തില്‍ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയർമാനുമായി സംസ്ഥാന ഊർജവകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി ചർച്ച നടത്തും. കല്‍പാക്കം ആണവ പദ്ധതി നടപ്പാക്കുന്നത് ന്യൂക്ലിയർ പവർ കോർപറേഷനു കീഴിലുള്ള ഭാവിനിയാണ്. നാളെയാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഭാവിനി ചെയർമാനുമായുള്ള വീഡിയോ കോണ്‍ഫറൻസ്.
രണ്ട് ആണവ വൈദ്യുത പദ്ധതികളാണ് സംസ്ഥാന ഊർജ്ജവകുപ്പിന്റെയും കെഎസ്‌ഇബിയുടെയും മുന്നിലുള്ളത്. അതിരപ്പിള്ളി, ചീമേനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്‌ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്.
പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നല്‍കണമെന്ന ആവശ്യം ചർച്ചയില്‍ കെഎസ്‌ഇബി മുന്നോട്ടുവച്ചു.
സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയില്‍ നിന്നോ ഉടൻ ലഭിക്കുന്നതിന്റെ
സാധ്യത ന്യൂക്ലിയർ കോർപറേഷനുമായി ചർച്ച ചെയ്തിരുന്നു.
ടെൻഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാല്‍, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത്.