
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം; സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) കേന്ദ്രസർവിസിലേക്ക് 815 തസ്തികകളിൽ വിജ്ഞാപനമിറക്കി
സ്റ്റെനോഗ്രഫർ (731)
കേന്ദ്ര സർവിസിൽ സ്സ്റ്റെനോഗ്രഫർ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ സംഘടിപ്പിക്കുന്ന സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2026ന് അപേക്ഷ ക്ഷണിച്ചു. 731 ഒഴിവുകളാണുള്ളത്. മെയ് 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്‌സൈറ്റ്: https://ssc.gov.in.
സ്റ്റെനോഗ്രഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയും സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമാണു നിയമനം. സ്ത്രീകൾക്കും അവസരമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം
പ്രായം: സ്റ്റെനോഗ്രഫർ ഗ്രേഡ് സി: 18-30 വയസ്. സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി: 18-27 വയസ്. പ്രായം 2026 ഓഗസ്റ്റ് 1 അടിസ്ഥാനമായി കണക്കാക്കും. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സിക്കു 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ശമ്പളം: സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി- പേ ബാൻഡ് 7,600 രൂപ (ബേസിക്) സ്റ്റെനോഗ്രഫർ ഗ്രേഡ് സി-പേ ബാൻഡ് 14,500 രൂപ (ബേസിക്). ഗ്രേഡ് സി വിഭാഗത്തിനു 50,000-60,000 രൂപയും ഗ്രേഡ് ഡി വിഭാഗ ത്തിനു 36,000-45,000 രൂപയുമാണു ശമ്പളം (കാഷ് ഇൻ ഹാൻഡ്).
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, സ്റ്റെനോഗ്രഫി സ്‌കിൽ ടെസ്റ്റ് എന്നിവ മുഖേന. ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷ ജൂലൈ- ഓഗസ്റ്റിൽ നടത്തും.
പരീക്ഷ: ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് (50 ചോദ്യം/50 മാർക്ക്), ജനറൽ അവയർനെസ് (50 ചോദ്യം/50 മാർക്ക്), ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ (100 ചോദ്യം/100 മാർക്ക്) എന്നിങ്ങനെ 3 പാർട്ടുകളുള്ള, 2 മണിക്കൂർ (30 മിനിറ്റ് 30 മിനിറ്റ് 6 മിനിറ്റ്) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്.
തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ട് (0.25 മാർക്ക്). ആദ്യഘട്ട പരീക്ഷയിൽ ജയിക്കുന്നവർക്കാണു സ്‌കിൽ ടെസ്റ്റ്.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ (ബ്രാക്കറ്റിൽ സെന്റർ കോഡ്): കണ്ണൂർ (9202), കോട്ടയം (9205), കോഴിക്കോട് (9206), തിരുവനന്തപുരം (9211), എറണാകുളം (9213), കൊല്ലം (9210), തൃശൂർ (9212), ആലപ്പുഴ (9201), മലപ്പുറം (9207).
അപേക്ഷാ ഫീസ്: 100 രൂപ. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല. ഓൺലൈനായി മെയ് 16 വരെ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: mySSC മൊബൈൽ ആപ് വഴിയോ ssc.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർ വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കണം.
രജിസ്‌ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ഐഡിയും പാസ്വേഡും പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും സൂക്ഷിച്ചു വയ്ക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം.
2. ട്രാൻസ് ലേറ്റർ (84)
കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവയിൽ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസലേഷൻ ഓഫിസർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേഷൻ ഓഫിസർ (ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്) തസ്തികയിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) അപേക്ഷ ക്ഷണിച്ചു. 84 ഒഴിവുകളുണ്ട്. വെബ്‌സൈറ്റ്: www.ssckkr.kar.nic.in മെയ് 14നകം ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ-1) നടക്കും.
യോഗ്യത: 1. എ) ഇംഗ്ലിഷ്/ഹിന്ദിയിൽ ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലിഷ്/ഹിന്ദി കംപൽസറി അല്ലെങ്കിൽ ഇലക്ടീവ് വിഷയമായിരിക്കണം. അല്ലെങ്കിൽ മാധ്യമമായിരിക്കണം. അല്ലെങ്കിൽ ബി) ഇംഗ്ലിഷ്/ഹിന്ദി അല്ലാത്ത വിഷയത്തിൽ ബിരുദാനന്തരബിരുദം. ബിരുദ തലത്തിൽ ഇംഗ്ലിഷ്/ഹിന്ദി മാധ്യമം അല്ലെങ്കിൽ കംപൽസറി/ഇലക്ടീവ് വിഷയം അല്ലെങ്കിൽ പരീക്ഷാ മാധ്യമമായിരിക്കണം.
2. ട്രാൻസ്ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് (ഇംഗ്ലിഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും). അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ, പൊതു മേഖലാ സ്ഥാപനങ്ങളിൽ ട്രാൻസ്ലേഷൻ ജോലികളിൽ (മേൽപറഞ്ഞ രീതിയിൽ) സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർക്കു 3 വർഷത്തെയും ജൂനിയർ ട്രാൻസ്ലേറ്റർക്കു 2 വർഷത്തെയും പരിചയം.
പ്രായപരിധി: 18-30 വയസ്. (2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി കണക്കാക്കും). എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5, ഒ.ബി.സിക്കു 3, ഭിന്നശേഷിക്കാർക്കു 10 വർഷംവീതം ഇളവ്.
ശമ്പളം: ജൂനിയർ തസ്തികയിൽ 35,400-1,12,400 രൂപ, സീനിയർ തസ്തികയിൽ 44,900-1,42,400 രൂപ.
അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ/വിമുക്ത ഭടന്മാർക്കു ഫീസില്ല.
അപേക്ഷിക്കുന്ന വിധം: ssc.gov.in എന്ന വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂരിപ്പിക്കാം.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായി നടക്കുന്ന പരീക്ഷ, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ഒന്നാം ഘട്ടത്തിൽ (പേപ്പർ-1) കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ, രണ്ടാം ഘട്ടം (പേപ്പർ-2) വിവരണാത്മക പരീക്ഷ.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ (ബ്രാക്കറ്റിൽ കോഡ്): കണ്ണൂർ (9202), തിരുവനന്തപുരം (9211), എറണാകുളം (9213).







