കുരങ്ങിനെ പിൻതുടർന്ന് കാട്ടിലേക്ക് കയറി; ഒമ്പത് ദിവസമായിട്ടും സൗഹാന്‍ കാണാമറയത്ത്; തെരച്ചിൽ നിർത്തി നാട്ടുകാർ, രാത്രി ഓടിച്ചുപോയ വാഹനത്തില്‍ ദുരൂഹത
സ്വന്തം ലേഖകൻ
മലപ്പുറം: ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് (15) വേണ്ടിയുള്ള തിരച്ചിൽ നാട്ടുകാർ അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒമ്പത് ദിവസം പിന്നിട്ടിട്ടും ഇതുവരെ വിവരവും ലഭിച്ചിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്.
വനത്തിൽ മുഴുവൻ തിരഞ്ഞിട്ടും കാണാതെ വന്നതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേർന്ന് ചെക്കുന്ന് മലയുടെ സമീപത്തെ വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി കണ്ടത്. കുരങ്ങിനെ പിൻതുടർന്ന് കാട്ടിലേക്ക് കയറിയെന്നായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും അനുമാനം. തുടർന്ന് ചെക്കുന്ന് മല മുഴുവന്‍ നാട്ടുകാരും പൊലീസും അരിച്ചുപെറുക്കി. എന്നിട്ടും നിരാശയായിരുന്നു ഫലം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ സംഭവ ദിവസം സൗഹാന്‍റെ വീടിന് പരിസരത്ത് നിർത്തിയിടുകയും രാത്രിയിൽ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. വനത്തിൽ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെ സൗഹാന്‍റെ തീരോധാനത്തിൽ ദുരൂഹത വർധിക്കുകയാണ്.
സൗഹാന് വേണ്ടിയുള്ള തെരച്ചിൽ നിർത്തിയതിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധം ഉയരുന്നുണ്ട്. കുട്ടികളുടെ തിരോധാനത്തെ പൊലീസ് ഗൗരവമായി കൈകാര്യം ചെയ്യണമെന്നാണ് ആവശ്യം.