play-sharp-fill
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു; കോവിഡ് വാക്സിൻ എടുത്തതിനെ തുടർന്നെന്ന് ബന്ധുക്കൾ

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു; കോവിഡ് വാക്സിൻ എടുത്തതിനെ തുടർന്നെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ

കോഴഞ്ചേരി: തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. നാരങ്ങാനം നെടുംപാറ പുതുപ്പറമ്പിൽ (പൂവാലുകുന്നേൽ) ജിനു ജി.കുമാറിന്റെ ഭാര്യ ദിവ്യ ആർ.നായർ (37) ആണ് മരിച്ചത്.

കോവിഡ് വാക്സിൻ എടുത്തതിനെത്തുടർന്നാണ് അബോധാവസ്ഥയും മരണവുമുണ്ടായതെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതിനൽകി. നേരത്തേ ഇവർ പത്തനംതിട്ട ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് മൂന്നിനാണ് നാരങ്ങാനം കല്ലേലി പ്രാഥമികാരോഗ്യകേന്ദ്രം മഠത്തുംപടിയിലെ സെന്ററിൽ നടത്തിയ ക്യാമ്പിൽ ദിവ്യ ആദ്യഡോസ് വാക്സിനേഷനെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ കലശലായ തലവേദനയുണ്ടായതായി ബന്ധുക്കൾ പറയുന്നു.

14-ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോൾ ബോധംനഷ്ടപ്പെട്ട് താഴെവീണു. സ്കാനിങ്ങിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് രണ്ട് ഒാപ്പറേഷൻ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതിനിടയിൽ തലച്ചോറിലെ ഒരുഭാഗത്ത് രക്തസ്രാവമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയത്. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടിൽ വാക്സിനേഷനുശേഷമുള്ള പ്രശ്നങ്ങളെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ആറന്മുള പോലീസ് തിരുവല്ലയിലെ ആശുപത്രിയിലെത്തി തുടർനടപടികൾ സ്വീകരിച്ചു. ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധന നടത്തും. ദിവ്യ മുമ്പ്‌ ഗൾഫിൽ നഴ്സായിരുന്നു. ഏഴുവയസ്സുള്ള ദക്ഷിണ മകളാണ്.