play-sharp-fill
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമായി  മർദ്ദിച്ചു; മരണകാരണം നെഞ്ചിലും മുഖത്തും പറ്റിയ പരിക്ക്; അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ; പിടിയിലായത് പനച്ചിക്കാട് സ്വദേശി

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമായി മർദ്ദിച്ചു; മരണകാരണം നെഞ്ചിലും മുഖത്തും പറ്റിയ പരിക്ക്; അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ; പിടിയിലായത് പനച്ചിക്കാട് സ്വദേശി

സ്വന്തം ലേഖിക

കോട്ടയം: വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ ബിജു (52) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജുവിന്റെ അമ്മ സതി(80) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 23 ആം തീയതി മരണപ്പെടുകയായിരുന്നു. അമ്മ വീണു പരിക്കുപറ്റിയതാണ് എന്നാണ് ബിജു ആശുപത്രിയില്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയം പോലീസിന് സംശയം തോന്നുകയും, മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണ് മരണകാരണം എന്ന് ആശുപത്രി അധികൃതര്‍ പറയുകയും ഇതിനെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ മകനായ ബിജു അമ്മയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് അമ്മയുടെ നെഞ്ചിലും മുഖത്തും ചവിട്ടുകയായിരുന്നു എന്ന് കണ്ടെത്തി. ബിജുവും ഇയാളുടെ സഹോദരിയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സഹോദരി അമ്മയെ ഇടയ്ക്കിടയ്ക്ക് കാണാൻ വരുന്നതിനെ ബിജു എതിർത്തിരുന്നു.

സഹോദരി തന്റെ അമ്മയെ കാണാൻ വരുകയും, ഇതിലുള്ള വിരോധം മൂലം ബിജുവും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും, തുടര്‍ന്ന് ഇയാൾ അമ്മയെ മർദ്ദിക്കുകയും നെഞ്ചിലും, മുഖത്തും ചവിട്ടുകയുമായിരുന്നുവെന്നും ബിജു പോലീസിനോട് പറഞ്ഞു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി ആർ, എസ്.ഐ സുദീപ്, സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ, മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.