Wednesday, April 22, 2026

രണ്ടര വയസുകാരന് പാമ്പുകടിയേറ്റു; ശുചിമുറിയില്‍ വച്ചാണ് ശംഖുവരയന്റെ കടിയേറ്റത്, സംഭവം തൃശൂരിൽ

Spread the love

ശുചിമുറിയിൽ വച്ച് രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. തൃശൂര്‍ വാണിയംപാറയിലാണ് സംഭവം. മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകന്‍ ആദത്തെയാണ് ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പ് കടിച്ചത്. പാമ്പ് കടിയേറ്റത്തിന് പിന്നാലെ കുഞ്ഞിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ഡോക്ടേഴ്‌സ് വ്യക്തമാക്കുന്നത്. കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാലാണ് സ്ഥിതി വഷളാകാതെ കാക്കാനായത്. ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ ഉടനടി കണ്ടെത്താന്‍ സാധിച്ചിരുന്നു.

video
play-sharp-fill

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെയാണ് പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചത്. കുട്ടികള്‍ക്കുള്‍പ്പെടെ പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വീടിനകത്തും പുറത്തും കൃത്യമായ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ദിവസമാണ് തൃശൂർ കോടാലിയിൽ ഒരു കുട്ടിക്ക് ശംഖുവരയന്റെ കടിയേറ്റ് ജീവൻ നഷ്ടമായത്. ഇത്തരം സംഭവങ്ങള്‍ തുടരുമ്പോൾ കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.