Wednesday, April 22, 2026

ഭൂമിയും കെട്ടിടവും ബന്ധുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കി 90 ദിവസത്തിനകം വയോധികന്‍ മരിച്ചു: ബന്ധുവിന്റെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.

Spread the love

ചെങ്ങന്നൂര്‍: ഭൂമിയും കെട്ടിടവും ബന്ധുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കി 90 ദിവസത്തിനകം വയോധികന്‍ മരിച്ചു.
തുടര്‍ന്ന് വയോധികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് സെമിത്തേരി തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പുലിയൂര്‍ പടിഞ്ഞാറെപ്പറമ്ബില്‍ ബിന്‍സ് ഭവനില്‍ എം. യേശുദാസന്റെ (74) മൃതദേഹമാണ് പുലിയൂര്‍ സെയ്ന്റ് മേരീസ് ആന്‍ഡ് സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍നിന്നു പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. രക്തം ഛര്‍ദിച്ചാണ് യേശുദാസ് മരിച്ചത്. മാത്രമല്ല പാസ്‌പോര്‍ട്ടും എടിഎം കാര്‍ഡും അടക്കമുള്ള രേഖകളും കാണാനില്ല. ഇതോടെയാണ് യേശുദാസിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം പരാതിയുമായി രംഗത്ത് എത്തിയത്.

video
play-sharp-fill

യേശുദാസന്റെ മകന്‍ പരേതനായ ബിന്‍സിന്റെ ഭാര്യ ലീനാ ബിന്‍സ് ആണ് പരാതി നല്‍കിയത്. പരാതിയില്‍ ചെങ്ങന്നൂര്‍ പോലീസ് പ്രാഥമികാന്വേഷണം നടത്തി എഫ്.ഐ.ആര്‍. ഇട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട പ്രകാരം ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. എം.എസ്. ഷാജുവാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടത്. പുറത്തെടുത്ത മൃതദേഹത്തില്‍ പുറമേ പാടുകളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നാണു പ്രാഥമിക സൂചന. പോസ്റ്റ്മോര്‍ട്ടത്തിന്റെയും കെമിക്കല്‍, ഫൊറന്‍സിക് പരിശോധനകളുടെയും റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യേശുദാസന്റെ പേരിലുള്ള ഭൂമിയും കെട്ടിടവും ബന്ധുവിന്റെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനിടെയാണു മരണമുണ്ടായതെന്നാണ് ആരോപണം. യേശുദാസന്റെ പാസ്ബുക്ക്, എ.ടി.എം. കാര്‍ഡ്, മറ്റുരേഖകള്‍ എന്നിവ കാണുന്നില്ലെന്നും കാനഡയില്‍ നഴ്‌സായ ലീനയുടെ പരാതിയിലുണ്ട്. മരിച്ചതറിഞ്ഞ് നാട്ടിലെത്തിയതാണു ലീന. കഴിഞ്ഞമാസം 20-നാണ് യേശുദാസന്‍ മരിച്ചത്. രക്തം ഛര്‍ദിച്ച്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് അറിഞ്ഞതെന്ന് പരാതിക്കാരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24-ന് പുലിയൂര്‍ സെയ്ന്റ് മേരീസ് ആന്‍ഡ് സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. സെമിത്തേരിയോടുചേര്‍ന്നു മറകെട്ടിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30-ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് സര്‍ജന്‍മാരായ ഡോ. നിതിന്‍, ഡോ. ദര്‍വേശ്, ഡോ. നിമി എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയ നടപടി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണു തീര്‍ന്നത്.

ആന്തരികാവയവങ്ങള്‍ കെമിക്കല്‍, ഫൊറന്‍സിക് പരിശോധനകള്‍ക്കയച്ചു. ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ സാജന്‍ സി. വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം വീണ്ടും സംസ്‌കരിച്ചു.
യേശുദാസന് ഒരു മകളുമുണ്ട്. അവര്‍ യു.കെ.യിലാണ്. ആരോപണവിധേയനായ ബന്ധുവും യേശുദാസനുമായി 2009 മുതല്‍ സ്വത്തുതര്‍ക്കമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, പുലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ്, വൈസ് പ്രസിഡന്റ് മിഥുന്‍ മയൂരം, വാര്‍ഡംഗം ലേഖാ അജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.