
ബ്ലഡ് ബാങ്കുകളിൽ രക്തമില്ല; അപകടങ്ങളെത്തുടര്‍ന്നും സര്‍ജറിക്കായും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്നു
സ്വന്തം ലേഖകൻ
പാലാ: രക്തദാതാക്കള്‍ക്കായുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകള്‍ കാലിയായി തുടങ്ങി. അടിയന്തരാവശ്യങ്ങള്‍ക്ക് രക്തം നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീര്‍ണാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
അപകടങ്ങളെത്തുടര്‍ന്നും സര്‍ജറിക്കായും മറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കള്‍ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന സ്ഥിതിയാണ് . രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സംഘടനകളും വ്യക്തികളും ഉണ്ടെങ്കിലും അവരും നിസഹായാവസ്ഥയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമുള്ള രോഗിക്ക് എത്രയും പെട്ടെന്ന് രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തു വര്‍ഷങ്ങള്‍ക്ക് മുൻപ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി, കേരളാ സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് പാലാ ബ്ലഡ് ഫോറം. തുടക്കത്തില്‍ ആയിരത്തോളം അംഗങ്ങളുണ്ടായിരുന്ന ഫോറത്തില്‍ സജീവ അംഗങ്ങളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ അംഗത്വം പുതുക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനുമുള്ള ശ്രമത്തിലാണ് പാലാ ബ്ലഡ് ഫോറം.
18-60 വയസിന് ഇടയിലുള്ള, 50 കിലോയ്ക്ക് മുകളില്‍ ഭാരമുള്ള, സ്ത്രീപുരുഷ ഭേദമന്യേ ആരോഗ്യമുള്ള ആര്‍ക്കും 3 മാസത്തിലൊരിക്കല്‍ രക്തം നല്‍കാം. ഓരോ തവണ ദാനം ചെയ്യുമ്പോഴും 1200 രൂപയുടെ ഹെല്‍ത്ത് ചെക്കപ്പ് സൗജന്യമായി ലഭിക്കും. ഫാേണ്‍: 9447043388, 7907173944 .
കൊവിഡുമൂലം രണ്ടു വര്‍ഷമായി ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. ഇപ്പോള്‍ തങ്ങളെ സമീപിക്കുന്നവരില്‍ 30 ശതമാനം പേരെപ്പോലും സഹായിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ജീവരക്ഷാമാര്‍ഗമെന്ന നിലയില്‍ രക്തദാനത്തില്‍ പങ്കുചേരാന്‍ ഏവരും മുന്നോട്ടു വരണമെന്ന് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം പറഞ്ഞു.